ന്യൂയോർക്ക്: അമേരിക്കയിൽ കോഴഞ്ചേരി സ്വദേശി വെടിയേറ്റുമരിച്ച സംഭവത്തിൽ 15 വയസ്സുകാരൻ പിടിയിൽ. പ്രായപൂർത്തിയാകാത്തതിനാൽ പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. കടയിൽ സാധനം വാങ്ങാൻ എത്തിയ പതിനഞ്ചുകാരൻ പണം ആവശ്യപ്പെട്ടതിന് പിന്നാലെ സാജന് നേരെ വെടിയുതിർക്കുകയായിരുന്നു. ഇയാൾക്കെതിരേ ടെക്സസ് പൊലീസ് കൊലക്കുറ്റം ചുമത്തി.
മെസ്കിറ്റ് സിറ്റിയിലെ ഗലോവയിൽ ബ്യൂട്ടി സ്റ്റോർ നടത്തിയിരുന്ന കോഴഞ്ചേരി ചെറുകോൽ സ്വദേശി ചരുവേൽ പുത്തൻവീട്ടിൽ സാജൻ മാത്യു (സജി-56) ഇന്നലെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഉച്ചയ്ക്ക് 1.40-ഓടെ സ്റ്റോറിലേക്ക് അതിക്രമിച്ചുകയറിയ അക്രമി മോഷണശ്രമത്തിനിടെ കൗണ്ടറിൽ ഉണ്ടായിരുന്ന സാജന് നേരേ വെടിയുതിർക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുവൈത്തിൽ ജോലിചെയ്തിരുന്ന സാജനും കുടുംബവും 2005-ലാണ് അമേരിക്കയിൽ സ്ഥിരതാമസമാക്കിയത്. സുഹൃത്തുക്കളുമായി ചേർന്ന് ഡാലസ് കൗണ്ടിയിലെ മെസ്കിറ്റ് സിറ്റിയിൽ പുതിയ ബ്യൂട്ടി സപ്ലൈ സ്റ്റോർ ആരംഭിച്ചത് അടുത്തിടെയാണ്. രണ്ടുമാസം മുമ്പുവരെ എല്ലാദിവസവും ബ്യൂട്ടി സപ്ലൈ സ്റ്റോറിലെത്തിയിരുന്ന സാജൻ, മൂത്തമകളുടെ വിവാഹശേഷം ആഴ്ചയിൽ രണ്ടുദിവസം മാത്രമായിരുന്നു കടയിലെത്തിയിരുന്നത്. ചെറുകോൽ ചരുവേൽ പരേതരായ സി.പി. മാത്യുവിന്റെയും സാറാമ്മയുടെയും മകനാണ്. കോഴഞ്ചേരി സെയ്ന്റ് തോമസ് കോളേജിലെ വിദ്യാഭ്യാസത്തിനുശേഷമാണ് സാജൻ വിദേശത്തേക്കുപോയത്.