പത്തനംതിട്ട ചുങ്കപ്പാറയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ കോൺക്രീറ്റ് ഇടിഞ്ഞു വീണു; മേസ്തിരിയ്ക്കു ദാരുണാന്ത്യം; രണ്ടു പേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

ചുങ്കപ്പാറയിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
സമയം – 12.45

ചുങ്കപ്പാറ: പത്തനംതിട്ട ചുങ്കപ്പാറയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ മേൽക്കൂര ഇടിഞ്ഞു വീണ് മേസ്തിരിയ്ക്കു ദാരുണാന്ത്യം. ചുങ്കപ്പാറ മാരംകുളത്തു നടന്ന അപകടത്തിൽ മേസ്തിരി നജീബാണ് (41) മരിച്ചത്. അപകടത്തിൽ രണ്ടു പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പത്തനംതിട്ട ചുങ്കപ്പാറ മാരംകുളം പ്ലാമൂട്ടിൽ ബേബി യേശുദാസിന്റെ വീട്ടിലാണ് അപകടം ഉണ്ടായത്. ഇവിടെ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം കഴിഞ്ഞ ദിവസമാണ് നടത്തിയത്. ഈ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കോൺക്രീറ്റ് മേൽക്കൂരയിൽ ഉറപ്പിച്ചിരുന്നു. സിറ്റൗട്ടിന്റെ ഭാഗത്ത് ഈ മേൽക്കൂര വാർത്തിരുന്നു. ഈ മേൽക്കൂരയിലെ വാർത്ത ഭാഗം പൊളിക്കുന്നതിനായി വെള്ളിയാഴ്ച രാവിലെയാണ് ജോലിക്കാർ വീട്ടിലെത്തിയത്.

മേൽക്കൂരയുടെ തട്ട് പൊളിക്കുന്നതിനിടെ കൃത്യമായി ഉറയ്ക്കാത്ത കോൺക്രീറ്റ് ഇടിഞ്ഞ് വീഴുകയായിരുന്നു. നജീബും ഒപ്പമുണ്ടായിരുന്ന രണ്ടു പേരും കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് അടിയിൽ കുടുങ്ങി. ഓടിക്കൂടിയ നാട്ടുകാരും, വീട്ടുടമ ബേബിയും ചേർന്ന് അഗ്നിരക്ഷാ സേനയിലും, പൊലീസിലും വിവരം അറിയിച്ചു. ഇവർ സ്ഥലത്ത് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൂന്നു പേരെയും രക്ഷിച്ച് പുറത്തെത്തിച്ചപ്പോഴേയ്ക്കും, നജീബ് മരിച്ചിരുന്നു.

അപകടത്തിൽ പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. അപകട സ്ഥലത്ത് അഗ്നിരക്ഷാ സേന ഇപ്പോഴും രക്ഷാപ്രവർത്തനം നടത്തുകയാണ്. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിനായും പരിശോധന ആരംഭിച്ചിട്ടുണ്ട്.

Hot Topics

Related Articles