കോഴഞ്ചേരി പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന് സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടുണ്ടായിരുന്ന തടസങ്ങള്‍ നീക്കി കോഴഞ്ചേരി പാലം പണിയോടനുബന്ധിച്ചുള്ള പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കോഴഞ്ചേരി പാലം അപ്രോച്ച് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥലസന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ മനസിലാക്കിയ ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. കോഴഞ്ചേരി മാര്‍ക്കറ്റ്, പോസ്റ്റ് ഓഫീസ് എന്നിവ സ്ഥിതിചെയ്യുന്ന പ്രദേശമാണ് സ്ഥലമേറ്റെടുപ്പ് നടക്കാനായുള്ളത്. സ്ഥലം എം.എല്‍.എ കൂടിയായ ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോര്‍ജ്, പൊതുമരാമത്തു വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ കോഴഞ്ചേരി പാലത്തിന്റെ പ്രവൃത്തികള്‍ വേഗതയില്‍ പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് യോഗം ചേര്‍ന്നിരുന്നു. ഇതിനോടനുബന്ധിച്ചാണ് കളക്ടര്‍ സ്ഥലസന്ദര്‍ശനം നടത്തിയത്. കെ.ആര്.എഫ്.ബി എക്സിക്യുട്ടീവ് എഞ്ചിനീയര്‍, കോഴഞ്ചേരി തഹസില്‍ദാര്‍, എല്‍.എ സ്പെഷ്യല്‍ തഹസില്‍ദാര്‍, കോഴഞ്ചേരി വില്ലേജ് ഓഫീസര്‍ എന്നിവരും കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.