കോഴിക്കോട് : കോഴിക്കോട് ഒരാഴ്ച മുമ്പ് വിവാഹിതയായ വധുവിനെ ഭർത്താവ് മർദ്ദിച്ചെന്ന പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പന്തീരാങ്കാവ് സ്വദേശിയായ രാഹുലിനെതിരെയാണ് ഗാർഹിക പീഡനത്തിന് പോലീസ് കേസെടുത്തത്. കഴിഞ്ഞ അഞ്ചിനായിരുന്നു രാഹുലും എറണാകുളം സ്വദേശിനിയായ യുവതിയും തമ്മില്‍ വിവാഹം നടന്നത്. എന്നാൽ രാഹുലിന്റെ രണ്ടാം വിവിഹമായിരുന്നു ഇത്. പ്രതിയുടെ ആദ്യ വിവാഹം കോട്ടയത്തു നിന്നായിരുന്നു. ഇതിന്റെ കേസ് നിലനിൽക്കേ നിയമപരമായി വേർപിരിയാതെ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രതി രാഹുൽ രണ്ടാം വിവാഹം കഴിച്ചത്.
സംഭവത്തിൽ മുഖ്യമന്ത്രിക്കു പരാതി നല്‍കാനൊരുങ്ങിയിരിക്കുകയാണ് പെണ്‍കുട്ടിയുടെ കുടുംബം. ഇന്നു തന്നെ പരാതി നല്‍കുമെന്നു യുവതിയുടെ അച്ഛന്‍ പറഞ്ഞു. മാനസികമായി തളര്‍ന്ന പെണ്‍കുട്ടിക്ക് ഇപ്പോൾ കൗണ്‍സിലിംഗ് നടത്തിവരികയാണ്. കഴിഞ്ഞ ദിവസം നടന്ന സല്‍ക്കാരചടങ്ങിനിടെ യുവതിയുടെ ശരീരത്തില്‍ പരിക്കുകള്‍ കണ്ടതോടെയാണ് രാഹുല്‍ ഉപദ്രവിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് വിവാഹബന്ധം തുടരാൻ താല്‍പര്യം ഇല്ലെന്ന് അറിയിച്ച് യുവതി കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് മടങ്ങുകയും ചെയ്തു.