വേഷമഴിച്ചുവെച്ചിട്ട് ആറ് പതിറ്റാണ്ടുകൾ; വീണ്ടും കഥകളി അരങ്ങിലെത്തി ദേവയാനി ദേവി

മാവേലിക്കര: കണ്ടിയൂർ നീലമന വിഷ്ണുനിലയം സിഎസ് ദേവയാനി ദേവി 62 വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും കഥകളി അരങ്ങിലെത്തിയത് കഥകളിയാസ്വാദകർക്കു നവ്യാനുഭവമായി. മാവേലിക്കര തമിഴ് ബ്രാഹ്മണ സമൂഹ മഠത്തില്‍ അരങ്ങേറിയ പൂതനാമോക്ഷം കഥകളിയില്‍ ലളിത-പൂതനവേഷങ്ങളിലാണു ദേവയാനിയെത്തിയത്. കഥകളി നടനും പാട്ടുകാരനും മേളവിദ്വാനുമായ എറണാകുളം പെരുമ്ബാവൂർ പുന്നയം ചന്ദ്രമന ഇല്ലത്ത് സിജി ശ്രീധരൻ നമ്ബൂതിരിയുടെയും മീനച്ചില്‍ തോവണം കോട്ടില്ലത്ത് സാവിത്രി അന്തർജനത്തിന്റെയും മകളായി ജനിച്ച ദേവയാനി സ്കൂള്‍ വിദ്യാർഥിനിയായിരിക്കെ കുചേലവൃത്തം കഥകളിയില്‍ രുക്മിണീ വേഷത്തിലാണ് അരങ്ങേറ്റം നടത്തിയത്.

നളചരിതം, കിരാതം, ദുര്യോധനവധം, പൂതനാമോക്ഷം, കീചകവധം തുടങ്ങി വിവിധ ആട്ടക്കഥകളില്‍ ഹരിപ്പാട് രാമകൃഷ്ണൻ, ഗുരു ചെങ്ങന്നൂർ, കലാമണ്ഡലം കൃഷ്ണൻനായർ തുടങ്ങിയ പ്രമുഖ കലാകാരന്മാർക്കൊപ്പം വേഷമണിഞ്ഞു. എട്ടാംക്ലാസില്‍ പഠിക്കവേ ജില്ലാ കലോത്സവ വിജയിയായി സംസ്ഥാന കലോത്സവത്തിലും പങ്കെടുത്തു. തുടർന്ന് കഥകളി അരങ്ങില്‍നിന്നു വിടപറഞ്ഞിരുന്നു. എന്നാല്‍ വർഷങ്ങള്‍ക്ക് ശേഷം വീണ്ടും കഥകളി വേഷമിടുകയായിരുന്നു. മക്കളുടെയും കൊച്ചുമക്കളുടെയും ആഗ്രഹപ്രകാരമാണ് കഴിഞ്ഞദിവസം വീണ്ടും അരങ്ങിലെത്തിയത്.

Hot Topics

Related Articles