കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്ന് പ്രതിസന്ധി; എം കെ രാഘവന്‍ എം.പിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ ഉപവാസ സമരം

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മരുന്ന് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എം കെ രാഘവന്‍ എംപിയുടെ നേതൃത്വത്തില്‍ ഇന്ന് 24 മണിക്കൂര്‍ ഉപവാസ സമരം നടത്തും. മെഡിക്കല്‍ കോളേജിനു മുന്നില്‍ രാവിലെ തുടങ്ങുന്ന സമരം എം കെ മുനീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

Advertisements

മരുന്നു വിതരണക്കാരുമായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും സൂപ്രണ്ടും ഇന്നലെ ചര്‍ച്ച നടത്തിയെങ്കിലും കാര്യമുണ്ടായില്ല. കഴിഞ്ഞ ഒക്ടോബര്‍ വരെയെങ്കിലുമുള്ള കുടിശ്ശിക തരാതെ മരുന്നു വിതരണം പുനസ്ഥാപിക്കാനാവില്ലെന്ന് വിതരണക്കാര്‍ അറിയിച്ചു. 90 കോടി രൂപയോളം കുടിശ്ശികയായതോടെയാണ് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ മരുന്നു വിതരണം നിര്‍ത്തി വെച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോഴിക്കോട്ടെ കാരുണ്യ ഫാര്‍മസികളിലും ബീച്ച് ആശുപത്രിയിലും ഡയാലിസിസിന് ആവശ്യമായ ഫ്ലൂയിഡും മരുന്നും കിട്ടാതായിട്ട് ആഴ്ചകളായി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ന്യായ വില ഷോപ്പുകളില്‍ കൂടി മരുന്നില്ലാതായതോടെ പ്രതിസന്ധി കടുക്കുകയാണ്. ക്യാന്‍സര്‍ രോഗികള്‍ക്കും ഹൃദ്രോഗികൾക്കുമുള്ള പല മരുന്നുകളും സ്റ്റോക്ക് തീര്‍ന്നു. ശസ്ത്രക്രിയാ ഉപകരണങ്ങളും കിട്ടാനില്ല. കടുത്ത പ്രതിസന്ധിയിലേക്കാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് നീങ്ങുന്നത്.

90 കോടി രൂപയോളം കുടിശ്ശികയായതോടെയാണ് വിതരണക്കാര്‍ നോട്ടീസ് നല്‍കിയ ശേഷം കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ മരുന്നു വിതരണം നിര്‍ത്തിയത്. പ്രതിഷേധം ശക്തമായതോടെ പത്തു മാസത്തെ കുടിശ്ശികയില്‍ കഴിഞ്ഞ മാര്‍ച്ചിലെ പണം മെഡിക്കല്‍ കോളേജ് അധികൃതര്‍ വിതരണം ചെയ്തു. എന്നാല്‍ കഴിഞ്ഞ സെപ്റ്റംബര്‍ മാസം വരെയുള്ള പണമെങ്കിലും വിതരണം ചെയ്താല്‍ മാത്രമേ കമ്പനികളില്‍ നിന്ന് മരുന്നെത്തിച്ച് നല്‍കാന്‍ കഴിയൂവെന്നാണ് വിതരണക്കാര്‍ പറയുന്നത്. 

മെഡിക്കല്‍ കോളേജിലെ ആശുപത്രി വികസന സമിതിയാണ് വിതരണക്കാര്‍ക്ക് പണം നൽകേണ്ടത്. സര്‍ക്കാരില്‍ നിന്ന് ആശുപത്രി വികസന സമിതിക്ക് ലഭിക്കേണ്ട പണം കിട്ടാത്തതാണ് പ്രതിസന്ധി ഇത്രത്തോളം രൂക്ഷമാക്കിയിരിക്കുന്നത്. 

Hot Topics

Related Articles