കോട്ടയം: വൈവിധ്യങ്ങളെ തുറന്ന മനസോടെ അംഗീകരിച്ചും പരസ്പരം ആദരിച്ചും മാത്രമേ നമുക്കൊരുമിച്ചു നിൽക്കാനാവു എന്ന് മൃഗസംരക്ഷണ-ക്ഷീരവികസന- മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന പ്രൗഢഗംഭീരമായ ജില്ലാതല റിപബ്ലിക് ദിനചടങ്ങിൽ റിപബ്ലിക് ദിനസന്ദേശം നൽകുകയായിരുന്നു മന്ത്രി. ഇന്ത്യൻ റിപബ്ലിക് അതിന്റെ 74-ാം വർഷത്തിലേക്കു കടക്കുമ്പോൾ ഭരണഘടനയുടെ അന്തസത്ത തന്നെ ചോദ്യം ചെയ്യപ്പെടുന്നതും കടന്നാക്രമണങ്ങൾക്കു വിധേയമാകുന്നതും നാം കാണുന്നുണ്ട്.
ഭരണഘടനയുടെ അന്തസത്തയും ചൈതന്യവും സംരക്ഷിക്കാൻ കേരളം നടത്തിയിട്ടുള്ള ശ്രമങ്ങൾ രാജ്യമാകെ ശ്രദ്ധ നേടിയിട്ടുള്ളതാണെന്നും മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലഹരിക്കെതിരേയുള്ള ജനകീയ പോരാട്ടത്തിൽ ഇടർച്ച പാടില്ല. ലഹരിവിരുദ്ധ നാടുണർത്തൽ തുടർദൗത്യമായി നാട് ഏറ്റെടുക്കണം. ഗുണനിലവാരമുള്ള ഭക്ഷണം ജനങ്ങളുടെ അവകാശമാണ്. ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ സുരക്ഷയും ശുചിത്വവും ഉറപ്പാക്കാനുള്ള ഗ്രേഡിങ് സംവിധാനം നടപ്പാക്കുന്നതിനായുള്ള ബിൽ സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
രാവിലെ 9.00 മണിക്ക് മന്ത്രി ദേശീയ പതാക ഉയർത്തി. പരേഡ് പരിശോധിച്ചശേഷം അഭിവാദ്യം സ്വീകരിച്ചു. തുടർന്നു റിപബ്ലിക് ദിന സന്ദേശം നൽകി. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷയുടെ ചുമതല വഹിക്കുന്ന മഞ്ജു സുജിത്ത്, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, സബ് കളക്ടർ സഫ്ന നസ്റുദീൻ, എ.എസ്.പി. നകുൽ രാജേന്ദ്ര ദേശ്മുഖ്, എ.ഡി.എം. ജിനു പുന്നൂസ്, ഓയിൽ പാം ഇന്ത്യ കോർപറേഷൻ മുൻ ചെയർമാൻ വി.ബി. ബിനു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കിടങ്ങൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ. ബിജുവായിരുന്നു പരേഡ് കമാൻഡർ. പോലീസ്, എക്സൈസ്, വനം വകുപ്പ്, എൻ.സി.സി., എസ്.പി.സി, സ്കൗട്ടുകൾ, ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്, ബാൻഡ്് പ്ലറ്റൂണുകൾ ഉൾപ്പെടെ 23 പ്ലറ്റൂണുകൾ പരേഡിൽ പങ്കെടുത്തു. യൂണിഫോം സേനകളുടെ പ്ലറ്റൂണുകളിൽ ഈരാറ്റുപേട്ട റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ.വി. സന്തോഷ്കുമാർ നയിച്ച എക്സൈസ് പ്ലറ്റൂണിനാണ് ഒന്നാം സ്ഥാനം. ജില്ലാ പോലീസ് ആസ്ഥാനത്തെ റിസർവ് സബ് ഇൻസ്പെക്ടർ കെ. രാജേഷ് നയിച്ച സിവിൽ പോലീസ് സംഘം രണ്ടാം സ്ഥാനം നേടി.
മറ്റു പ്ലറ്റൂണുകളിൽ എൻ.സി.സി. സീനീയർ വിഭാഗത്തിൽ കോട്ടയം എം.ഡി. സെമിനാരി എച്ച്.എസ്.എസ്. ഒന്നും കോട്ടയം ബസേലിയസ് കോളജ് രണ്ടും സ്ഥാനം നേടി. സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തിൽ കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് എച്ച്.എസ്.എസ്. ഒന്നും കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഗേൾസ് ഹൈസ്്കൂൾ രണ്ടും സ്ഥാനം നേടി. എൻ.സി.സി. ജൂനിയർ ഡിവിഷനിൽ വടവാതൂർ ജവഹർ നവോദയ വിദ്യാലയ ഒന്നും കഞ്ഞിക്കുഴി മൗണ്ട് കാർമൽ ജി.എച്ച്.എസ്. രണ്ടും സ്ഥാനം നേടി. സ്കൗട്ട് വിഭാഗത്തിൽ കുടമാളൂർ സെന്റ് മേരീസ് യു.പി. സ്കൂൾ ഒന്നും പള്ളം സി.എം.എസ്. എച്ച്.എസ്. രണ്ടും സ്ഥാനം നേടി. ഗൈഡ്സ് വിഭാഗത്തിൽ കോട്ടയം ബേക്കർ മെമ്മോറിയൽ എച്ച്.എസ്.എസ്. ഒന്നും കോട്ടയം മൗണ്ട് കാർമൽ ജി.എച്ച്.എസ് രണ്ടും സ്ഥാനം നേടി.
ജൂനിയർ റെഡ് ക്രോസ് വിഭാഗത്തിൽ കോട്ടയം മൗണ്ട് കാർമൽ ജി.എച്ച്.എസ്. ഒന്നും കോട്ടയം എം.ഡി. സെമിനാരി എച്ച്.എസ്.എസ്. രണ്ടും സ്ഥാനം നേടി. ബാൻഡ് പ്ലാറ്റൂണുകളിൽ കോട്ടയം മൗണ്ട് കാർമൽ ജി.എച്ച്.എസ്. ഒന്നും ഏറ്റുമാനൂർ എസ്.എഫ്.എസ്. പബ്ലിക് സ്കൂൾ രണ്ടും സ്ഥാനം നേടി. പ്ലറ്റൂണുകളിലെ മികവിന് എക്സൈസ് സംഘത്തെ നയിച്ച ഇരാറ്റുപേട്ട റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ.വി. സന്തോഷ്കുമാർ പ്രത്യേക പുരസ്കാരത്തിന് അർഹനായി. വിജയികൾക്കു മന്ത്രി ജെ. ചിഞ്ചുറാണി ട്രോഫികൾ വിതരണം ചെയ്തു.