വൈക്കം : വൈദ്യുതി ചാർജ് അടച്ചില്ലെന്ന് ആരോപിച്ച് കെ എസ് ഇ ബി അധികൃതർ വൈക്കം ജോയിൻ്റ് ആർടി ഓഫീസിലെ വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് ഒന്നര മണിക്കൂറോളം ഓഫീസിൻ്റെ പ്രവർത്തനം തടസപ്പെട്ടു. ആർടി ഓഫീസുകളുടെ വൈദ്യുത ചാർജ് ഹെഡ് ഓഫീസ് വഴിയാണ് കെഎസ്ഇബിയിൽ അടക്കുന്നത്. 1000 രൂപയോളമാണ് വൈക്കം ആർടി ഓഫീസിലെ വൈദ്യുതി ചാർജ്. ഈ തുക ഹെഡ് ഓഫീസിൽ നിന്നു അടച്ചിരുന്നു. നിലവിൽ ഫെബ്രുവരി മുതലുള്ള തുക അടയ്ക്കാനുണ്ടെങ്കിലും അതിൻ്റെ ഡിസ്കണക്ഷൻ തിയതി ഏപ്രിലാണ്.
തെറ്റിദ്ധാരണമൂലമാണ് വൈദ്യുതി വിച്ഛേദിക്കുന്നതെന്നും പണമടച്ചത് പരിശോധിക്കണമെന്നും കെ എസ് ഇ ബി അധികൃതരോട് പറഞ്ഞെങ്കിലും അംഗീകരിക്കാതെ കെ എസ് ഇ ബി അധികൃതർ വൈദ്യുതി വിച്ഛേദിക്കുകയായിരുന്നെന്ന് വൈക്കം ജോയിൻ്റ് ആർടിഒ ആരോപിച്ചു. പിന്നീട് സംഭവം വിവാദമായതോടെ കെഎസ്ഇബി അധികൃതർ ആർ ടി ഓഫീസ് അധികൃതരുമായി ബന്ധപ്പെട്ട് തെറ്റ് ബോധ്യപ്പെട്ടതിനെ തുടർന്ന് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു നൽകി. വിവിധ ആവശ്യങ്ങളുമായി ദൂരെ സ്ഥലങ്ങളിൽ നിന്നും എത്തിയ നിരവധിപേർ സേവനം ലഭിക്കാതെ മടങ്ങിയിരുന്നു.