കോട്ടയം: കെ.എസ്.ഇബിയുടെ ഉഴപ്പിനെ തുടർന്ന് കഞ്ഞിക്കുഴി പ്രദേശത്ത് തെരുവ് വിളക്കുകൾ തെളിയുന്നില്ലെന്ന ആരോപണവുമായി കൗൺസിലർമാർ. കോട്ടയം നഗരമധ്യത്തിൽ കഞ്ഞിക്കുഴി, ബാറ്റാ ജംഗ്ഷൻ, വെട്ടൂർ ജംഗ്ഷൻ മുതൽ പൗവ്വത്ത് റോഡ് എന്നിവിടങ്ങളിലാണ് കഴിഞ്ഞ കുറച്ചധികം ദിവസങ്ങളിലായി തെരുവ് വിളക്കുകൾ തെളിയാത്തത്. വഴിവിളക്കുകൾ തെളിയാത്തതിന് എതിരെ പ്രദേശത്തെ കൗൺസിലർമാർ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ദിവസങ്ങളോളമായി ഈ തെരുവ് വിളക്കുകൾ ഇവിടെ തെളിയുന്നില്ല. ഈ തെരുവ് വിളക്ക് തെളിയാത്തത് കേബിളിന്റെ തകരാറിനെ തുടർന്നാണ് എന്നാണ കൗൺസിലർമാർ ആരോപിക്കുന്നത്. ഈ കേബിൾ തകരാർ പരിഹരിക്കേണ്ടത് കെ.എസ്.ഇ.ബിയാണ്. എന്നാൽ, തകരാറിന്റെ കാരണങ്ങൾ അടക്കം കൗൺസിലർമാർ ചൂണ്ടിക്കാട്ടിയിട്ടും ഇത് പരിഹരിക്കാൻ വേണ്ട നടപടികൾ കെ.എസ്.ഇബി സ്വീകരിക്കുന്നില്ലെന്നാണ് കൗൺസിലർമാരുടെ ആരോപണം. പ്രദേശത്തെ വഴികൾ മുഴുവൻ ഇരുട്ട് നിറഞ്ഞതോടെ സ്ത്രീകൾ അടക്കമുള്ളവർക്ക് രാത്രികാലത്ത് ഇതുവഴിയുള്ള യാത്ര ദുരിതപൂർണമായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തരമായി ഈ വഴിയിലെ തെരുവ് വിളക്കുകൾ തെളിയിക്കാൻ നടപടിയെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇത്തരത്തിൽ അടിയന്തരമായി തെരുവ് വിളക്ക് തെളിയിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ കോട്ടയം ഈസ്റ്റ് കെ.എസ്.ഇബി സെക്ഷൻ ഓഫിസിനു മുന്നിൽ കുത്തിയിരുപ്പ് സത്യാഗ്രഹം നടത്തുമെന്നും കൗൺസിലർമാർ പറയുന്നു.