കോട്ടയം : വെള്ളമൊഴിച്ച് തീ കത്തിക്കൽ, ശൂന്യതയിൽ നിന്നും ഭസ്മം എടുക്കൽ, മുറിച്ച കയർ കൂട്ടിയിണക്കൽ, അങ്ങനെ ദിവ്യാത്ഭുതങ്ങൾ പലതും നേരിൽക്കാണാൻ കോട്ടയം തിരുന്നക്കരയിൽ എത്തിയാൽ മതി. കുമരകം സ്വദേശി രാധാകൃഷ്ണനാണ് അത്ഭുത വിദ്യകൾ കാഴ്ചവയ്ക്കുന്നത്. തിരുന്നക്കര മൈതാനത്ത് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന പ്രദർശനത്തിലാണ് രാധാകൃഷ്ണൻ കാണികളെ വിസ്മയിപ്പിക്കുന്നത്. രാധാകൃഷ്ണൻ അവതരിപ്പിക്കുന്ന അത്ഭുതങ്ങൾക്ക് അടിത്തറ മന്ത്രവാദമോ ആഭിചാരമോ ഒന്നുമല്ല. മറിച്ച് ശാസ്ത്രം മാത്രമാണ്. ശാസ്ത്രവും വിശ്വാസവും അന്ധവിശ്വാസങ്ങളുമൊക്കെ ചർച്ച ചെയ്യപ്പെടുന്ന കാലഘട്ടത്തിൽ ശാസ്ത്രത്തെ കൂട്ടുപിടിച്ച് അത്ഭുതവിദ്യകളെന്ന വ്യാജേന പലരും നടത്തുന്ന തട്ടിപ്പുകളുടെ പിന്നിലെ യാഥാർത്ഥ്യം തുറന്നുകാട്ടുകയാണ് രാധാകൃഷ്ണൻ.
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുനക്കര മൈതാനത്ത് ഒരുക്കിയിരിക്കുന്ന പ്രദർശനത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്ന് രാധാകൃഷ്ണന്റെ ദിവ്യാത്ഭുത അനാവരണമാണ്. പ്രദർശനം കാണാൻ എത്തുന്ന ഒട്ടുമിക്ക ആളുകളും രാധാകൃഷ്ണൻ ഒരുക്കിയിരിക്കുന്ന അത്ഭുത വിദ്യകളും കണ്ടാണ് മടങ്ങുന്നത്. രസതന്ത്രത്തിൽ ബിരുദം നേടിയിട്ടുള്ള രാധാകൃഷ്ണൻ ഏറെക്കാലമായി രസതന്ത്രത്തെ കൂട്ടുപിടിച്ചുള്ള അത്ഭുത വിദ്യാദ്യമായി ആളുകളെ വിസ്മയിപ്പിക്കുകയും ഒപ്പം ശാസ്ത്രബോധമുള്ളവരാക്കാൻ ശ്രമിക്കുകയുമാണ്. കോട്ടയം ജില്ലയ്ക്ക് അകത്തും പുറത്തുമായി ധാരാളം വേദികളിൽ രാധാകൃഷ്ണൻ തന്റെ ശാസ്ത്ര – സാങ്കേതികവിദ്യ പ്രദർശനം നടത്തിയിട്ടുണ്ട്