കോട്ടയം : തൊഴിലാളികളെ പുറത്താക്കാൻ ശ്രമിച്ച ധിക്കാരിയായ ഉന്നത ഉദ്യോഗസ്ഥനെ തെറുപ്പിച്ച ചരിത്രമാണ് കേരളത്തിലെ വൈദ്യുതി മേഖലയിലെ തൊഴിലാളികൾക്കുള്ളതെന്ന് മന്ത്രി വി.എൻ വാസവൻ. കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.ഇ.ബിയിൽ പണിയെടുക്കുന്ന തൊഴിലാളികളെ പുറത്താക്കാനാണ് ധിക്കാരിയായ ആ ഉദ്യോഗസ്ഥൻ ശ്രമിച്ചത്. അടിസ്ഥാനമില്ലാത്ത ആരോപണം ഉയർത്തി തൊഴിലാളികളെ തകർക്കാനായിരുന്നു ശ്രമം. എന്നാൽ , ഇതിനെ തൊഴിലാളികൾ ചെറുത്തു നിന്നു. ഒടുവിൽ ഈ ഉന്നത ഉദ്യോഗസ്ഥൻ പുറത്താക്കിയ തൊഴിലാളികൾ അകത്തും , ഉന്നതൻ പുറത്തും എന്ന അവസ്ഥയായി. ഇതാണ് കേരളത്തിലെ തൊഴിലാളികളുടെ ശക്തി. വൈദ്യുതി മേഖലയുടെ സ്വകാര്യ വത്കരണത്തിലൂടെ സാധാരണക്കാർക്കുണ്ടാകുന്ന നഷ്ടം ജനങ്ങളിലേയ്ക്ക് എത്തിക്കാൻ നിർണ്ണായകമായ ഇടപെടൽ നടത്തിയത് കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ അടക്കമുള്ള തൊഴിലാളി സംഘടനകളായിരുന്നു എന്നും അദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ഡോ.എം.ജി സുരേഷ് കുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ എ.വി റസൽ സ്വാഗതം ആശംസിച്ചു. കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം ജയൻദാസ് രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം എം.പി സുദീപ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഇ.ഇ.എഫ്.ഐ ജനറൽ സെക്രട്ടറി പ്രശാന്ത് നന്ദി ചൗധരി , കെ.എസ്.ഇ.ബി.ഡബ്യു.എ ജനറൽ സെക്രട്ടറി എസ്.ഹരിലാൽ , കെ.ജി.ഒ.എ ജനറൽ സെക്രട്ടറി ഡോ.എസ്.ആർ മോഹനചന്ദ്രൻ , എ കെ.ഡബ്യു.എ.ഒ ജനറൽ സെക്രട്ടറി ഇ എസ് സന്തോഷ് കുമാർ , എസ്.പി.എ.ടി.ഒ പ്രസിഡന്റ് വി.സി ബിന്ദു എന്നിവർ പ്രസംഗിച്ചു. കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഇ.മനോജ് നന്ദി പറഞ്ഞു.