കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിലെ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ഡ്രൈവറായ യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. കോട്ടയം നഗരത്തിൽ ഓട്ടോറിക്ഷ ഓടിച്ചു നടന്നിരുന്ന ഷംനാസിനെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ് എന്നു പൊലസ് പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറെ ഷംനാസിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം, വീട് കയറി ഭീഷണിപ്പെടുത്തുകയും , കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തി കമ്പി വടി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ പൂവൻതുരുത്ത് സ്വദേശി ജിലുവിനെ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷകൾക്കു വിധേയനാക്കി. ഇദ്ദേഹം വീടു കയറി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസിലും, ഗുണ്ടാ ആക്രമണം നടത്തിയ സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസം കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു മുന്നിലായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രിയിൽ സ്റ്റാൻഡിലെത്തിയ സ്ഥിരം ക്രമിനലും ഗുണ്ടയുമായ ഷംനാസ് ജിലുവിന്റെ ഓട്ടോറിക്ഷ ഓട്ടം വിളിച്ചു. എന്നാൽ, സ്ഥിരമായി സ്റ്റാൻഡിൽ നിന്ന് ഓട്ടം വിളിക്കുകയും പ്രശ്മുണ്ടാക്കുകയും ചെയ്ത ഷംനാസിനൊപ്പം ഓട്ടം പോകാൻ ജിലു തയ്യാറായില്ല. ഇതേച്ചൊല്ലി ജിലിവിനെ ഭീഷണിപ്പെടുത്തിയ ശേഷമാണ് ഷംനാസ് മടങ്ങിയത്. തുടർന്ന് ഷംനാസും ഗുണ്ടാ സംഘവും ജിലുവിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. ഈ സമയം ജിലു വീട്ടിലുണ്ടായിരുന്നില്ല. ഭീഷണിപ്പെടുത്തിയ വിവരം അറിഞ്ഞ ജിലുവും മാതാപിതാക്കളും ചേർന്ന് ഈസ്റ്റ് പൊലീസിൽ പരാതി നൽകി.
ഇതേ തുടർന്നു ചൊവ്വാഴ്ച രാത്രിയോടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തിയ ഷംനാസും, മൂലേടം സ്വദേശിയും അടങ്ങിയ നാലംഗ ഗുണ്ടാ സംഘം ജിലുവിനെ ആക്രമിക്കുകയായിരുന്നു. കമ്പി വടി ഉപയോഗിച്ച് ജിലുവിന്റെ കയ്യിൽ അടിച്ചു പരിക്കേൽപ്പിച്ചു. ഇതേ തുടർന്നു ജിലു ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്നു ഇന്നു രാവിലെ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു. വിഷയത്തിൽ കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ അനൂപ് കൃഷ്ണ, എസ്.ഐ ടി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഷംനാസിനെ പിടികൂടിയത്. തുടർന്നു ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.