ചക്രക്കസേരയിൽ യാത്രക്കാരി; സഹായഹസ്തവുമായി കെഎസ്ആർടിസി ഡ്രൈവറും കണ്ടക്ടറും

തിരുവനന്തപുരം: ചക്രക്കസേരയില്‍ എത്തിയ യാത്രക്കാരിയെ ബസില്‍ കയറാനും ഇറങ്ങാനും കെ.എസ്.ആർ.ടി.സി. ഡ്രൈവറും കണ്ടക്ടറും സഹായഹസ്തം നീട്ടി. കൊല്ലം ഡിപ്പോയിലെ കണ്ടക്ടർ എസ്.രഞ്ജിത്തും, ഡ്രൈവർ ആർ.സജീവുമാണ് ചക്രക്കസേരയില്‍ വന്ന യാത്രക്കാരിയെ ബസില്‍ കയറാനും ഇറങ്ങാനും സഹായിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് തമ്ബാനൂരില്‍ നിന്നും പുറപ്പെട്ട എ.സി. ലോ ഫ്ളോർ ജനത ബസിലെ യാത്രക്കാരി നടക്കാൻ ബുദ്ധിമുട്ടുള്ളതിനാല്‍ വീല്‍ച്ചെയറിലാണ് എത്തിയത്. ജീവനക്കാർ ഇരുവരും ചേർന്ന് ഇവരെ കസേരയ്ക്കൊപ്പം ബസിലേക്ക് എടുത്ത് കയറ്റി. ആറ്റിങ്ങലിന് സമീപം 16-ാം മൈലില്‍ ഇതേ രീതിയില്‍ എടുത്ത് ഇറക്കുകയുമായിരുന്നു. ബസിലെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കൂടാതെ ജീവനക്കാരെ അനുമോദിച്ച്‌ കെ.എസ്.ആർ.ടി.സി. അധികൃതരുരും രംഗത്തെത്തി.

അതേസമയം കെ.എസ്.ആർ.ടി.സി. അധികൃതരുടെ വീഴ്ചയും വിമർശനം ഉയർത്തുന്നുണ്ട്. കെ.എസ്.ആർ.ടി.സി.ക്ക് കേന്ദ്രപദ്ധതിയില്‍ ലഭിച്ച ലോ ഫ്ളോർ വോള്‍വോ എ.സി. ബസുകള്‍ ഭിന്നശേഷി സൗഹൃദമാണ്. ഇവയില്‍ ചക്രക്കസേര കയറ്റാനും ഇറക്കാനുമുള്ള സൗകര്യം നിർമാണക്കമ്ബനി ഘടിപ്പിച്ചിട്ടുണ്ട്. ഫുട്ബോർഡിന് അടിയില്‍ നിന്നും പുറത്തേയ്ക്ക് നീട്ടാവുന്ന വിധത്തില്‍ ചരിഞ്ഞ പ്രതലം (റാമ്ബ്) ഉണ്ട്. ബസുകള്‍ കിട്ടിയതിനു പിന്നാലെ കെ.എസ്.ആർ.ടി.സി. അധികൃതർ ഇവ നട്ടും ബോള്‍ട്ടും ഇട്ട് ഉറപ്പിച്ചിരുന്നു. ഇത് പുറത്തേയ്ക്ക് നീക്കാൻ കഴിയാത്തതിനാലാണ് എടുത്ത് ഇറക്കേണ്ടിവന്നത്. ഇല്ലെങ്കില്‍ കസേര ഉരുട്ടി ഇറക്കാമായിരുന്നു. ജീവനക്കാരുടെ സഹായം ലഭിച്ചതുകൊണ്ടു മാത്രമാണ് യാത്രക്കാരിക്ക് ബസില്‍ കയറാൻ കഴിഞ്ഞത്.

Hot Topics

Related Articles