ദീര്‍ഘദൂര സര്‍വീസുകള്‍ വെട്ടിക്കുറച്ചു : പാലാ ഡിപ്പോ തകർച്ചയുടെ വക്കിൽ

കോട്ടയം: കെഎസ്‌ആര്‍ടിസി പാലാ ഡിപ്പോയില്‍നിന്നുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ വെട്ടിക്കുറച്ചതോടെ ഡിപ്പോ കനത്ത പ്രതിസന്ധിയില്‍.ഇതിനു പുറമെ വൈക്കം-പാലാ ചെയിന്‍ സര്‍വീസിലെ ചില ട്രിപ്പുകളും വെട്ടിക്കുറച്ചിട്ടുണ്ട്. ഒരു ഓര്‍ഡിനറി സ്‌റ്റേ ബസ് ഒഴികെയുള്ള ബസുകളും നിര്‍ത്തലാക്കി. ചെയിന്‍ സര്‍വീസുകളില്‍ ട്രിപ് മുടക്കം പതിവാണ്.

Advertisements

ഡിപ്പോയ്ക്കു മികച്ച കളക്‌ഷന്‍ ലഭിച്ചിരുന്നതും നിറയെ യാത്രക്കാരുണ്ടായിരുന്നതുമായ ദീര്‍ഘദൂര സര്‍വീസുകളായിരുന്ന പാലാ-ചെറുപുഴ, പാലാ-മാനന്തവാടി, പാലാ-അമ്ബായത്തോട്, പാലാ-പഞ്ചിക്കല്‍, പാലാ-പെരിക്കല്ലൂര്‍, പാലാ-കൊന്നയ്ക്കാട്, മുണ്ടക്കയം-എറണാകുളം തുടങ്ങിയ സര്‍വീസുകളാണ് മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കിയത്. ഡിപ്പോയില്‍നിന്നും വീണ്ടും നിര്‍ത്തലാക്കാനുള്ള അടുത്ത ദീര്‍ഘദൂര സര്‍വീസുകളുടെ ലിസ്റ്റും തയാറായിട്ടുണ്ട്. വരുമാനനഷ്ടം ചൂണ്ടിക്കാട്ടിയാണ് ഡിപ്പോ അധികൃതര്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയിരിക്കുന്നത്. സ്വകാര്യ ബസ് ലോബിയെ സഹായിക്കുന്നതിനാണ് സര്‍വീസുകള്‍ നിര്‍ത്തലാക്കിയതെന്നാണ് ആക്ഷേപം. ഇതിനെല്ലാം പുറമെ കെഎസ്‌ആര്‍ടിസി ബസുകളില്‍ വാങ്ങുന്നതിന്‍റെ മൂന്നിരട്ടി തുകയാണ് സ്വകാര്യ ബസുകാര്‍ ഈടാക്കുന്നതെന്നും പരാതിയുണ്ട്. മലബാര്‍ മേഖലകളില്‍നിന്നും ധാരാളം വിദ്യാര്‍ഥികളാണു പാലായില്‍ എത്തി സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവരില്‍ ഭൂരിഭാഗം പേരും വീടുകളിലേക്കു പോകുന്നതിന് ആശ്രയിച്ചിരുന്നതു കെഎസ്‌ആര്‍ടിസി ബസുകളെയാണ്. സര്‍വീസുകള്‍ നിര്‍ത്തലാക്കിയതോടെ ഇവര്‍ക്കു വന്‍ തുക നല്കിയാലേ വീടുകളിലേക്കു പോകാന്‍ സാധിക്കൂ. 62 ഷെഡ്യൂള്‍ മാത്രംപാലാ ഡിപ്പോയില്‍നിന്നു നാളുകള്‍ക്കു മുമ്ബുവരെ 102 ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്തിരുന്നത് പിന്നീട് 84 ആയി കുറയുകയും ഇപ്പോള്‍ അത് 62 ഷെഡ്യൂള്‍ മാത്രമായി ചുരുങ്ങുകയും ചെയ്തിരിക്കുകയാണ്. വരുമാന നഷ്ടമാണ് സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ കാരണമെന്ന് അധികൃതര്‍ പറയുമ്ബോഴും ദിവസവും 15 മുതല്‍ 18 ലക്ഷം രൂപവരെയാണു പാലാ ഡിപ്പോയിലെ കളക്‌ഷന്‍. മുന്‍കാലത്ത് ദിവസവും 23 ലക്ഷം രൂപവരെയായിരുന്നു കളക്‌ഷന്‍. ഓര്‍ഡിനറി സ്‌റ്റേ ബസുകളില്‍ കാഞ്ഞിരമറ്റം സ്‌റ്റേ സര്‍വീസ് മാത്രമാണ് ഇപ്പോഴുള്ളത്. കുറവിലങ്ങാട്, കോട്ടയം, കാവുംകണ്ടം തുടങ്ങിയ സ്ഥലങ്ങളിലേക്കുണ്ടായിരുന്ന സ്‌റ്റേ ബസുകളെല്ലാം നിര്‍ത്തലാക്കിയിരിക്കുകയാണ്.

10 വര്‍ഷമായി മുടങ്ങാതെ സര്‍വീസ് നടത്തിയിരുന്ന പാലാ-കൊന്നക്കാട് ബസാണ് യാത്രക്കാര്‍ ഏറെയുള്ള ക്രിസ്മസ്, പുതുവര്‍ഷ സീസണില്‍ നിര്‍ത്തലാക്കിയത്. ചീഫ് ഓഫീസില്‍നിന്നുള്ള നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഡിപ്പോ അധികൃതര്‍ പറയുന്നത്. പാലാ-വൈക്കം ചെയിന്‍ സര്‍വീസും ട്രിപ് കുറച്ചുതിരക്കേറിയ പാലാ-വൈക്കം റൂട്ടില്‍ കെഎസ്‌ആര്‍ടിസി നടത്തിയിരുന്ന ചെയിന്‍ സര്‍വീസിന്‍റെ ട്രിപ്പുകള്‍ കുറച്ചതു സ്വകാര്യ ബസ് ലോബിയെ സഹായിക്കാനാണെന്ന് ആക്ഷേപം വ്യാപകമാണ്. പാലായില്‍നിന്നു വൈക്കത്തേക്ക് സര്‍വീസ് നടത്തുന്ന അഞ്ച് ബസുകളും ഓരോ ട്രിപ്പ് വീതമാണു മുടക്കുന്നത്. വൈക്കത്തുനിന്നുള്ള ബസുകളും ഒരു ട്രിപ്പ് നിർത്തിയിട്ടുണ്ട്.

ഈ റൂട്ടില്‍ ആകെയുണ്ടായിരുന്ന 80 സര്‍വീസുകള്‍ 68 ആയി. ഉച്ചകഴിഞ്ഞ് ഒന്നുമുതല്‍ രണ്ടുവരെയുള്ള സമയത്താണ് ട്രിപ്പുകള്‍ കുറച്ചിരിക്കുന്നത്. ഒട്ടേറെ പരീക്ഷാ പരിശീലന കേന്ദ്രങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളുമുള്ള പാലാ മേഖലയില്‍ ദീര്‍ഘദൂര യാത്രാ ആവശ്യം സാധ്യമാക്കുന്നതില്‍ ഡിപ്പോ അധികൃതര്‍ കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധം ശക്തമാണ്. സൗത്ത് സോണില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ഡിപ്പോയ്ക്കുള്ള അവാര്‍ഡ് നിരവധി തവണ നേടിയ ഡിപ്പോയാണു പാലാ. ഏറെ യാത്രക്കാരുള്ള ദീര്‍ഘദൂര ബസുകള്‍ നിര്‍ത്തലാക്കിയതില്‍ ജീവനക്കാരും ആശങ്കയിലാണ്. സര്‍വീസ് നിര്‍ത്തലാക്കിയതിനെതിരേ വിവിധ യൂണിയനുകളും സമരവുമായി രംഗത്തു വന്നിട്ടുണ്ട്.

Hot Topics

Related Articles