കോട്ടയം; റിവേഴ്‌സ് വീഴുന്നില്ല, കയറ്റം കയറുന്നില്ല. വലിച്ചു നീട്ടി നിരങ്ങിയെത്തുമ്പോൾ ഓഫിസ് സമയവും കഴിയും..! കോട്ടയത്തു നിന്നും ആലപ്പുഴയ്ക്ക് സർവീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചൽ ബസിന്റെ അവസ്ഥയാണ് ഇത്. ഫാസ്റ്റ് പാസഞ്ചറിന്റെ ചാർജ് വാങ്ങിയ ശേഷം ആക്രി തോൽക്കുന്ന വേഗത്തിൽ സർവീസ് നടത്തുന്ന ബസ് അക്ഷരാർത്ഥത്തിൽ യാത്രക്കാരെ വലയ്ക്കുകയാണ്. ആലപ്പുഴയിൽ നിന്നും തണ്ണീർമുക്കം – മെഡിക്കൽ കോളേജ് വഴി കോട്ടയത്തിന് എത്തുന്ന ബസാണ് യാത്രക്കാർക്ക് ദുരിതവണ്ടിയായി മാറിയിരിക്കുന്നത്.
രാവിലെ 7.30 ന് ആലപ്പുഴയിൽ നിന്നും ആരംഭിച്ച് 9.30 ന് കോട്ടയത്ത് എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ, വണ്ടിയുടെ പരിതാപകരമായ അവസ്ഥ മൂലം പലപ്പോഴും ബസ് പത്തു മണിയ്ക്ക് ശേഷമാകും കോട്ടയത്ത് എത്തുക. ഇന്നു രാവിലെ കോട്ടയം കുടയംപടിയിലും, കുടമാളൂരിലും ചാലുകുന്നിലും കയറ്റം കയറാനാവാതെ കിതച്ച് നിൽക്കുകയായിരുന്നു ഈ ബസ്. വളരെ കഷ്ടപ്പെട്ടാണ് ബസ് കയറ്റം കയറിത്തീർത്തത്. മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു മുന്നിലെ സ്റ്റാൻഡിൽ എത്തിയ ശേഷം റിവേഴ്‌സ് ഗിയർ വീഴാതിരുന്ന ബസ് പത്തു മിനിറ്റാണ് സ്റ്റാൻഡിനുള്ളിൽ കുടുങ്ങിക്കിടന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം നഗരത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ അടക്കം ജോലി ചെയ്യുന്ന നിരവധി ജീവനക്കാരാണ് ഈ ബസിനെ ആശ്രയിച്ചു കോട്ടയത്തേയ്ക്ക് എത്തുന്നത്. ഇത്തരത്തിൽ എത്തുന്ന യാത്രക്കാർ പലപ്പോഴും ഓഫിസിൽ വൈകിയാണ് എത്തുന്നത്. സർക്കാർ ജീവനക്കാർ അടക്കം നിരവധി യാതക്കാരാനുള്ളത് ഈ ബസിൽ. യാത്രക്കാർക്ക് എത്രയും വേഗത്തിൽ ഓഫിസിൽ എത്തുന്നതിനായി പുതിയ ബസ് തന്നെ അനുബദിക്കണമെന്നാണ് യാത്രക്കാരുടെ കൂട്ടായ്മ പറയുന്നത്.