കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവനവിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഏര്‍പ്പെടുത്തിയിരിക്കുന്ന സാമൂഹ്യ ശ്രേഷ്ഠ പുരസ്ക്കാരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ ക്രിയാത്മക ഇടപെടലുകള്‍ക്കും മാറ്റങ്ങള്‍ക്കും തുടക്കം കുറിച്ച വ്യക്തിയെ കണ്ടെത്തി ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുരസ്ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിജയിയായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയ്ക്ക് ഇരുപത്തിഅയ്യായിരത്തി ഒന്ന് (25001) രൂപയും പ്രശംസാപത്രവും സമ്മാനിക്കും.
സാമൂഹ്യ – ആതുര ശുശ്രൂഷാ രംഗത്ത് ശാസ്ത്രീയവും ജനോപകാരപ്രദവുമായ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള വ്യക്തികളാണ് അവാര്‍ഡിന് അപേക്ഷിക്കേണ്ടത്. അപേക്ഷകന്റെ വിശദമായ ബയോഡേറ്റയും സാമൂഹ്യ സേവന രംഗത്തെ സംഭാവനകളും സേവനങ്ങളും പ്രതിപാദിക്കുന്ന മൂന്ന് പേജില്‍ കവിയാത്ത ലഘുലേഖയും അപേക്ഷകനെക്കുറിച്ച് പത്ര-ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളില്‍ വന്നിരിക്കുന്ന ലേഖനങ്ങളുടെയും വാര്‍ത്തകളുടെയും പകര്‍പ്പ് എന്നിയും സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം അപേക്ഷകന്റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും വയ്ക്കേണ്ടതാണ്. അപേക്ഷകള്‍ ഇംഗ്ലീഷിലോ മലയാളത്തിലോ സമര്‍പ്പിക്കാവുന്നതാണ്. എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയതി 2023 ഒക്ടോബര്‍ 30 ആയിരിക്കും. അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് നവംബര്‍ മാസം 20 മുതല്‍ 26 വരെ തീയതികളില്‍ കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ കോട്ടയം തെള്ളകം ചൈതന്യയില്‍ സംഘടിപ്പിക്കുന്ന 24-ാമത് ചൈതന്യ കാര്‍ഷിക മേളയോടും സ്വാശ്രയസംഘ മഹോത്സവത്തോടും അനുബന്ധിച്ച് പുരസ്ക്കാരം സമ്മാനിക്കും. എന്‍ട്രികള്‍ അയയ്ക്കേണ്ട വിലാസം എക്സിക്യൂട്ടീവ് ഡയറക്ടര്‍, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ചൈതന്യ, തെള്ളകം പി.ഒ. – 686 630, കോട്ടയം, കേരള എന്ന വിലാസത്തില്‍ ആയിരിക്കണം. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് 7909231108 എന്ന നമ്പരില്‍ ബന്ധപ്പെടുക.