- കുടുംബശാക്തീകരണ പദ്ധതി ഗുണഭോക്തൃ സംഗമവും ആക്ഷന്‍പ്ലാന്‍ രൂപീകരണവും നടത്തപ്പെട്ടു
കോട്ടയം: പങ്കാളിത്ത അധിഷ്ഠിത പ്രവര്‍ത്തന ശൈലിയിലൂടെ സമഗ്ര പുരോഗതിയും സാമ്പത്തിക ഉന്നമനവും നേടിയെടുക്കുവാന്‍ കുടുംബശാക്തീകരണ പദ്ധതി വഴിയൊരുക്കിയെന്ന് തോമസ് ചാഴികാടന് എം.പി. പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കുടുംബശാക്തീകരണ പദ്ധതി ഗുണഭോക്തൃ സംഗമത്തിന്റെയും ആക്ഷന്‍പ്ലാന്‍ രൂപീകരണത്തിന്റെയും ഉദ്ഘാടന കര്‍മ്മം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി മത വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളുടെയും ഉന്നമനം ലക്ഷ്യമാക്കിയുള്ള കെ.എസ്.എസ്.എസ് പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീ ശാക്തീകരണവും കുടുംബ ശാക്തീകരണവും സാധ്യമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത സഹായ മെത്രാന് ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സഹ മനുഷ്യരോടുള്ള സഭയുടെ സാമൂഹ്യ പ്രതിബദ്ധതയുടെ മുഖം പ്രതിഫലിപ്പിക്കുവാന്‍ കുടുംബ ശാക്തീകരണ പദ്ധതി വഴി തെളിച്ചുവെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കുടുംബങ്ങളുടെ ശാക്തീകരണത്തോടൊപ്പം ഉപവരുമാന പദ്ധതികളിലൂടെ മെച്ചപ്പെട്ട ജീവിത സാഹചര്യം നേടിയെടുക്കുവാനും പദ്ധതി വഴി തെളിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ്, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. സിജോ ആല്‍പ്പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു. ആക്ഷന്‍പ്ലാന്‍ രൂപീകരണത്തിന് സേവ് എ ഫാമിലി പ്ലാന്‍ കോര്‍ഡിനേറ്റര്‍ നിത്യമോള്‍ ബാബു നേതൃത്വം നല്കി. പദ്ധതിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ആറ് വര്‍ഷം പ്രതിമാസ ധനസഹായം ലഭ്യമാക്കി വിദ്യാഭ്യാസം, ആരോഗ്യം, വരുമാന പദ്ധതി, തൊഴില്‍ നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിവിധ മേഖലകളില്‍ പുരോഗതി കൈവരിക്കത്തക്ക വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാക്കുന്നത്.