തിരുവനന്തപുരം: കത്ത് വിവാദം കത്തി നിൽക്കവെ മേയർക്കെതിരായ പ്രതിപക്ഷ പാർട്ടികളുടെയും വിദ്യാർഥി – യുവജന സംഘടനകളുടെയും പ്രതിഷേധം ഇന്നും ശക്തമായിരുന്നു. മേയർ ആര്യ രാജേന്ദ്രന്‍റെ വീടിന് മുന്നിലെത്തി കരിങ്കൊടി കാട്ടിയായിരുന്നു കെ എസ് യു പ്രതിഷേധം. മേയർക്കെതിരായ പ്രതിഷേധം കടുപ്പിക്കുന്നതിന്‍റെ ഭാഗമായായിരുന്നു വീടിന് മുന്നിലെ കെ എസ് യുവിന്‍റെ കരിങ്കൊടി കാണിക്കൽ. മൂന്ന് കെ എസ് യു പ്രവർത്തകരാണ് സ്ഥലത്തെത്തിയതെങ്കിലും മേയർ വാഹനത്തിൽ കയറുമ്പോൾ ഒരു പ്രവർത്തകന് മാത്രമേ കരിങ്കൊടി കാട്ടാനായുള്ളു. ഇയാളെ സ്ഥലത്തുണ്ടുണ്ടായിരുന്ന സി പി എമ്മുകാർ കൈകാര്യം ചെയ്യുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന പൊലീസ് ഇടപെടും മുമ്പെയായിരുന്നു മേയർക്ക് സംരക്ഷണം തീർക്കാനെത്തിയ സി പി എമ്മുകാർ പ്രതിഷേധക്കാരനെ മർദ്ദിച്ചത്. പിന്നീട് പൊലീസ് കെ എസ് യുക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.