കോട്ടയം: കുടുംബശ്രീയുടെ ഡിജിറ്റൽ ഓൺലൈൻ റേഡിയോ’റേഡിയോ ശ്രീ’ അടുത്ത മൂന്ന് മാസത്തിനുള്ളിൽ സംസ്ഥാനത്തെ പത്തുലക്ഷം ശ്രോതാക്കളിലേക്ക് എത്തും. ഇപ്പോഴത്തെ കണക്കുകൾ പ്രകാരം റേഡിയോ ശ്രീയ്ക്ക് അഞ്ച് ലക്ഷം ശ്രോതാക്കളാണുള്ളത്. ഇതിൽ കോട്ടയം ജില്ലയിൽ മാത്രം പതിനയ്യായിരം പേരാണ് സ്ഥിരം ശ്രോതാക്കളായി ഉള്ളത്.
കുടുംബശ്രീയുടെ എഡിഎസ്, സിഡിഎസ്, അയൽക്കൂട്ട തലങ്ങളിൽ നടക്കുന്ന പ്രധാന പരിപാടികളും വിശേഷങ്ങളും വാർത്താ രൂപത്തിൽ പ്രക്ഷേപണം ചെയ്യുന്ന റേഡിയോ ശ്രീ, സാമൂഹ്യ പ്രവർത്തനങ്ങളുടെയും സംരംഭകത്വ വിജയങ്ങളുടെയും പ്ലാറ്റ്‌ഫോമായി മാറിക്കൊണ്ടിരിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അംഗങ്ങളുടെ രചനകൾ, നാടകങ്ങൾ, കവിതകൾ, പ്രശസ്ത സംരംഭകരുമായുള്ള അഭിമുഖങ്ങൾ, കർഷകർക്കും സംരംഭകർക്കുമായി സംഘടിപ്പിക്കുന്ന പരിശീലന ക്ലാസുകൾ എന്നിവയും റേഡിയോ ശ്രീയുടെ ആകർഷകത്വം കൂട്ടുന്നു.
2024 ജൂലൈ ഒന്നിന് പ്രക്ഷേപണം ആരംഭിച്ച റേഡിയോ ശ്രീ, നിലവിൽ 24 മണിക്കൂറും നാല് ഷെഡ്യൂളുകളായി പ്രവർത്തിക്കുന്നു. രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ വരുന്ന ആദ്യ ഷെഡ്യൂളിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള ആറ് പ്രത്യേക പരിപാടികളാണ് പ്രക്ഷേപണം ചെയ്യുന്നത് — സിന്ദൂരച്ചെപ്പ്, കൂട്ടുകാരി, റേഡിയോ ശ്രീമതി, നാട്ടരങ്ങ്, സാഹിത്യോത്സവം, ഓഡിയോ ബുക്ക്.
അതു കൂടാതെ, ഓരോ ഷെഡ്യൂളിനും ഇടയിൽ കുടുംബശ്രീയുടെ വിവിധ പദ്ധതികളും കാലാവസ്ഥ മുന്നറിയിപ്പുകളും ഉൾപ്പെടുന്ന 5 മിനിറ്റിന്റെ വാർത്താസമാഹാരവും പ്രേക്ഷകർക്ക് ലഭ്യമാകുന്നു.
റേഡിയോ ശ്രീയുടെ പ്രക്ഷേപണം പ്ലേസ്റ്റോർ, ആപ്പ് സ്റ്റോർ, ഐഒഎസ് സ്റ്റോർ വഴി ഡൗൺലോഡ് ചെയ്യാവുന്ന ആപ്പിലൂടെയും വെബ്‌സൈറ്റ് മുഖേനയുമായി ലഭ്യമാണ്. കൂടുതൽ പേർക്ക് ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാകാൻ കഴിയുന്നതാണ് കുടുംബശ്രീയുടെ ലക്ഷ്യം.