കോട്ടയം : എ ഐ ഓൺലൈൻ ട്രേഡിങ്ങിലൂടെ ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 1.6 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ പ്രതി പിടിയിൽ. കോഴിക്കോട് നടുവന്നൂർ കാവുന്തറ കിഴക്കേപ്പറമ്പത്ത് വീട്ടിൽ കെ. പി ഗോബീഷിനെ (36) യാണ് ജില്ലാ സൈബർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ഹണി കെ ദാസിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
2025 ജനുവരി 21 മുതൽ മെയ് 30 വരെയുള്ള വരെയുള്ള കാലയളവിൽ ഫിൻ ബ്രിഡ്ജ് ക്യാപിറ്റൽ എന്ന കമ്പനിയുടെ പേരിൽ എ ഐ ഓൺലൈൻ ട്രേഡിങ്ങിൻ്റെ പേരിലാണ് പ്രതി തട്ടിപ്പ് നടത്തിയത്. ഇവിടെ പണം നിക്ഷേപിച്ചാൽ അമിത ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. ചങ്ങനാശ്ശേരി തുരുത്തി സ്വദേശിയുടെ കയ്യിൽ നിന്നും ആകെ 1,06,40,491/- രൂപ ( ഒരു കോടി ആറ് ലക്ഷത്തി നാൽപ്പതിനായിരത്തി നാന്നൂറ്റി തൊണ്ണൂറ്റി ഒന്ന് രൂപാ) വാങ്ങിയെടുത്തശേഷം നിക്ഷേപിച്ച തുക തിരികെ നൽകാതെ തട്ടിപ്പ് നടത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരാതിക്കാരന്റെ മൊഴിയിൽ ചങ്ങനാശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ് കോട്ടയം ജില്ലാ പോലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ നിർദ്ദേശപ്രകാരം കോട്ടയം സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ അന്വേഷണം നടത്തുകയായിരുന്നു. ഇതിലെ ആവലാതിക്കാരന്റെ കൈയ്യിൽ നിന്നും വാങ്ങിയെടുത്ത പണം പലവിധ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും പേരിലുള്ള അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുള്ളതായി കണ്ടെത്തി.
വിശദമായ അന്വേഷണത്തിൽ ഒരു വലിയ തുക സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടുവണ്ണൂർ ശാഖയിലെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുള്ളതായി കണ്ടെത്തി. തുടർന്ന് നടത്തി അന്വേഷണത്തിൽ ഈ അക്കൗണ്ടിന്റെ ഉടമ ഗോബീഷ് ആണ് എന്നും കണ്ടെത്തി.
തുടർന്ന് , ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം സൈബർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഇൻസ്പെക്ടർ ഹണി കെ ദാസിന്റെ മേൽനോട്ടത്തിൽ ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സന്ദീപ് ജെ , എ എസ് ഐ . അരുണ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടോമി സേവിയർ, തോമസ് സ്റ്റാൻലി, സിവിൽ പൊലീസ് ഓഫിസർ എം എ നിയാസ് എന്നിവർ അടങ്ങുന്ന പോലീസ് സംഘത്തിന് പ്രതി കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ ഭാഗത്തുള്ളതായി വിവരം ലഭിക്കുകയും തുടർന്ന് സ്ഥലത്ത് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.
വിശദമായ ചോദ്യം ചെയ്യലിൽ ഒരു ലക്ഷം രൂപയ്ക്ക് ആയിരം രൂപ കമ്മീഷൻ നിരക്കിൽ അക്കൗണ്ട് വാടകയ്ക്ക് നൽകിയതാണ് എന്നും അക്കൗണ്ടിൽ പണം വന്നാൽ ഉടൻ വിവരം തട്ടിപ്പുകാരെ അറിയിക്കുകയും പണം അവർക്ക് കൈമാറുകയും ചെയ്യുകയായിരുന്നു രീതി എന്നും അറസ്റ്റിലായ പ്രതി പറഞ്ഞു.
തട്ടിപ്പിൽ പങ്കാളികൾ ആയിട്ടുള്ള മുഴുവനാളുകൾക്കായും അന്വേഷണം തുടരും. ചെറിയ ലാഭത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ അക്കൗണ്ടുകൾ വാടകയ്ക്ക് നൽകുമ്പോൾ ഈ അക്കൗണ്ട് ഉടമയും കേസിൽ പ്രതിയാകും എന്ന കാര്യവും പോലീസ് ഓർമിപ്പിക്കുന്നു.


