പഞ്ചാബ്: ഭാര്യ പ്രാദേശിക തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ കടുത്ത ബ്ലാക്ക്മെയിലിംഗും മാനസിക പീഡനവും നേരിട്ടതായി ആരോപിച്ച് പഞ്ചാബ് പൊലീസിലെ അസിസ്റ്റന്റെ സബ് ഇൻസ്പെക്ടർ കനാലിലേക്ക് ചാടി. പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിലാണ് സംഭവം. എഎസ്ഐ ഗുർദയാല്‍ സിംഗിനെ കണ്ടെത്തുന്നതിനായി പൊലീസുള്‍പ്പെടുന്ന സംഘം കനാലില്‍ തെരച്ചില്‍ തുടരുകയാണ്. സംഭവത്തിന് തലേദിവസം ഗുർദയാല്‍ സിംഗ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ തന്നെ നിരന്തരം പീഡിപ്പിക്കുകയും അപമാനിക്കുകയും ബ്ലാക്ക്മെയില്‍ ചെയ്യുകയും ചെയ്ത ഏഴ് പേരുടെ പേരുകള്‍ വെളിപ്പെടുത്തിയിരുന്നു. തന്റെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് അശ്ലീല വീഡിയോകള്‍ നിർമ്മിച്ചെന്നും സമൂഹത്തില്‍ അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്നുമാണ് വീഡിയോയില്‍ ഗുർദയാല്‍ ആരോപിക്കുന്നത്.
വ്യാഴാഴ്ച രാവിലെയാണ് ഗുർദയാല്‍ സിംഗ് കനാലിലേക്ക് ചാടിയതെന്ന് പൊലീസ് പറഞ്ഞു. കാണാതായ ഉദ്യോഗസ്ഥനായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഗുർദയാല്‍ സിംഗിന്റെ ഭാര്യ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഏഴുപേർക്കെതിരെ കേസെടുത്തതായി ഫിറോസ്പൂർ സൂപ്രണ്ട് ഓഫ് പൊലീസ് മൻജീത് സിംഗ് അറിയിച്ചു. ബ്ലാക്ക്മെയിലിംഗ്, പണം തട്ടിയെടുക്കല്‍, വ്യാജ വീഡിയോ പ്രചരിപ്പിക്കല്‍ തുടങ്ങിയ എല്ലാ ആരോപണങ്ങളും വിശദമായി പരിശോധിച്ച് അന്വേഷണം നടത്തുകയാണെന്നും പൊലീസ് വ്യക്തമാക്കി.


