കുടുംബശ്രീ ‘കരുതൽ’ ലഹരിവിരുദ്ധ ക്യാമ്പയിൻ – ജില്ലാതല പരിശീലനം കോട്ടയത്ത് സംഘടിപ്പിച്ചു

കോട്ടയം ∙ ലഹരി ഉപയോഗം വ്യക്തിയുടെ ആരോഗ്യത്തിനും കുടുംബബന്ധങ്ങൾക്കും സാമൂഹിക സുരക്ഷയ്ക്കും ഭീഷണിയാകുന്ന സാഹചര്യത്തിൽ, കുടുംബശ്രീ കോട്ടയം ജില്ലാ മിഷന്റെ നേതൃത്വത്തിൽ ‘കരുതൽ’ ലഹരിവിരുദ്ധ ക്യാമ്പയിൻ ആരംഭിച്ചു. പോലീസ്, എക്സൈസ്, ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യനീതി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പയിൻ നടപ്പാക്കുന്നത്.

Advertisements

ക്യാമ്പയിന്റെ ഭാഗമായി ജില്ലാതല പരിശീലനം ജില്ലാ പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഐ.എ.എസ് ഉദ്ഘാടനം ചെയ്ത ചടങ്ങിന് ജില്ലാ മിഷൻ കോഡിനേറ്റർ അഭിലാഷ് കെ ദിവാകർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ശ്രീ. അജയ് കെ.ആർ മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർ പ്രകാശ് ബി നായർ സ്വാഗതം ആശംസിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിശീലനത്തിൽ ലഹരി ഉപയോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾ എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരണം എന്നതും, നല്ല രക്ഷകർതൃത്വം എങ്ങനെ നിർവഹിക്കണം എന്നതിനെക്കുറിച്ചും അതോടൊപ്പം ലഹരിവസ്തുക്കളുടെ തരം, അവയുടെ ഉപയോഗം കൊണ്ട് വ്യക്തികൾക്കും കുടുംബത്തിനും, സമൂഹത്തിനും ഉണ്ടാകുന്ന ദൂഷ്യഫലങ്ങൾ, അതിനെ പ്രതിരോധിക്കുന്നതിനുള്ള സാമൂഹികമായ ഇടപെടലുകൾ, മാറ്റങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ സെഷനുകൾ നടന്നു. ബെന്നി സെബാസ്റ്റ്യൻ (എക്സൈസ് വിമുക്തിമിഷൻ), അനീഷ കെ. എസ്. (എക്സൈസ് വിമുക്തിമിഷൻ) എന്നിവർ ക്ലാസുകൾ നയിച്ചു.

അയൽക്കൂട്ടങ്ങളിലൂടെയുള്ള ബോധവൽക്കരണം, ലഹരി വിൽപ്പനയെ തിരിച്ചറിയാനുള്ള മാർഗങ്ങൾ തുടങ്ങിയവയും ഉൾപ്പെടുത്തി. ജില്ലാ പ്രോഗ്രാം മാനേജർ ശ്രീമതി ഉഷാദേവി ഇ. എസ്. ക്യാമ്പയിനെക്കുറിച്ചുള്ള വിശദീകരണം നൽകി. ജെൻഡർ ഡിപിഎം, ഐ.ബി.സി.ബി ഡിപിഎം, സ്നേഹിത സ്റ്റാഫ്, കമ്മ്യൂണിറ്റി കൗൺസിലർമാർ എന്നിവരുടെ സാങ്കേതിക പിന്തുണയോടെയാണ് പരിശീലനം നടപ്പാക്കുന്നത്.

2025 ഓഗസ്റ്റ് 9, 10 തിയ്യതികളിൽ അയൽക്കൂട്ട തലത്തിൽ ലഹരിവിരുദ്ധ യോഗങ്ങൾ സംഘടിപ്പിച്ച് തനത് പ്രവർത്തനങ്ങൾ നടത്താനാണ് പദ്ധതിയിടുന്നത്. പരിപാടിയിൽ സൈബർ സെൽ എസ്ഐ ജയചന്ദ്രൻ, സൈബർ സെൽ ഓഫീസർ ജോബിൻ ജെയിംസ് എന്നിവർ സമൂഹമാധ്യമങ്ങളിലെ സൈബർ തട്ടിപ്പുകളെക്കുറിച്ച് ക്ലാസെടുത്തു. സ്നേഹിതാ കൗൺസിലർ ഡോ. ഉണ്ണിമോൾ നന്ദി പറഞ്ഞു.

ജില്ലാ മിഷൻ സ്റ്റാഫുകൾ, വിജിലന്റ് ഗ്രൂപ്പ് അംഗങ്ങൾ, ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ, കമ്യൂണിറ്റി കൗൺസിലർമാർ, സ്നേഹിത സ്റ്റാഫുകൾ തുടങ്ങിയവർ പരിശീലനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles