കോട്ടയം: ജില്ലയിലെ 78 കുടുംബശ്രീ സി.ഡി.എസുകളുടെ ചരിത്രം തയാറാക്കുന്ന ‘രചന’ പുസ്തകങ്ങളുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. 25 വർഷത്തെ കുടുംബശ്രീയുടെ ചരിത്രം കേരളത്തിന്റെ സ്ത്രീ ശാക്തീകരണത്തിന്റെ ചരിത്രമാണെന്നും കേരള വികസന ചരിത്രത്തിൽ നിതുലമായ പങ്കാണ് കുടുംബശ്രീ നൽകിയിരിക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.ജില്ലാ അസിസ്റ്റന്റ് മിഷൻ കോ-കോർഡിനേറ്റർ പ്രകാശ് ബി. നായർ അധ്യക്ഷത വഹിച്ചു.കോട്ടയം നോർത്ത് ചെയർപേഴ്സൺ നളിനി ബാലൻ, കോട്ടയം സൗത്ത് സി.ഡി.എസ്. ചെയർപേഴ്സൺ പി.ജി. ജ്യോതിമോൾ, ജില്ലയിലെ 11 ബ്ലോക്കുകളിലെയും സി.ഡി.എസ്. ചെയർപേഴ്സൺമാർ എന്നിവർ പങ്കെടുത്തു.ജില്ലയിലെ 78 സി.ഡി.എസുകളിലെ 25 വർഷത്തെ ചരിത്രം വനിതകൾ തന്നെ എഴുതുന്ന പ്രക്രിയയായിരുന്നു ‘രചന’. സംസ്ഥാനത്തെ 1070 സി.ഡി.എസുകളുടെ ‘രചന’യുടെ സമാപനം മാർച്ച് എട്ടിന് വനിതാദിനത്തിൽ തിരുവനന്തപുരത്ത് നടക്കും. ജില്ലയിലെ സി.ഡി.എസ്. ചെയർപേഴ്സൺമാർ, അക്കൗണ്ടന്റുമാർ, റിസോഴ്സ് പേഴ്സൺമാർ, രചന അക്കാദമി കമ്മിറ്റി, രചന കമ്മിറ്റി, പഞ്ചായത്ത് പ്രതിനിധികൾ, ജില്ലാ മിഷൻ ഉദ്യോഗസ്ഥർ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് പരിപാടി പൂർത്തിയാക്കിയത്.