മണർകാട് : കോട്ടയം കുടുംബശ്രീ മിഷൻ ജില്ലാതല ഓണം വിപണന മേളയ്ക്ക് മണർകാട് പഞ്ചായത്ത് മൈതാനത്തിൽ തുടക്കമായി. ആഗസ്റ്റ് 24 മുതൽ 28 വരെയാണ് മേള നടക്കുന്നത്. കോട്ടയം ജില്ലയിലെവിവിധ കുടുംബശ്രീ സംരംഭകരിൽ നിന്നും, സംഘകൃഷി ഗ്രൂപ്പുകളിൽ നിന്നുമുള്ള 450 ഓളം ഉൽപ്പന്നങ്ങൾ 20 സ്റ്റാളുകളിൽ ആയാണ് ക്രമീകരിച്ചിരിക്കുന്നത്.
കുടുംബശ്രീ അംഗങ്ങളായ വീട്ടമ്മമാർ ഉത്പാദിപ്പിച്ച കലർപ്പില്ലാത്ത വിവിധയിനം കറി പൗഡറുകൾ, അച്ചാറുകൾ, പപ്പടം,ചിപ്സുകൾ, ശർക്കര വരട്ടി, മറ്റു ഭക്ഷ്യോൽപന്നങ്ങൾ, തുണിത്തരങ്ങൾ, വിവിധയിനം സ്റ്റോണുകളിൽ തീർത്ത ഫാൻസി ഐറ്റംസ്, കേശ സംരക്ഷണവുമായി ബന്ധപ്പെട്ട ഹെയർ കെയർ ഓയിലുകൾ, ബ്രഹ്മി തൈകൾ, അടുക്കളയിലേക്ക് ആവശ്യമായ വീട്ടുപകരണങ്ങൾ, ജൈവവളങ്ങൾ, ജൈവ പച്ചക്കറികൾ എന്നിവയാണ് മേളയുടെ മുഖ്യ ആകർഷണം. തൊട്ടടുത്ത ദിവസങ്ങളിലായി കൂടുതൽ ഉൽപ്പന്നങ്ങൾ മേളയിലേക്ക് എത്തുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണർകാട് കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ അംബിക തങ്കപ്പൻ, മുതിർന്ന സിഡിഎസ് അംഗം ഉഷ റാം എന്നിവർ ചേർന്ന് വിപണനമേള ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ മാരായ ശ്രീ പ്രകാശ് ബി നായർ, ശ്രീ മുഹമ്മദ് ഹാരിസ്, സിഡിഎസ് വൈസ് ചെയർപേഴ്സൺ, സിഡിഎസ് അംഗങ്ങൾ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാർ, മറ്റ് ജില്ലാമിഷൻ സ്റ്റാഫുകൾ എന്നിവരുടെ നേതൃത്വത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് മേള ഉദ്ഘാടനം ചെയ്തത്.
പി കെ ശ്രീമതി ടീച്ചർ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി കെ വി ബിന്ദു എന്നിവർ മേള സന്ദർശിക്കുകയുണ്ടായി.ആരംഭ ദിവസം തന്നെ മേളയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആഗസ്റ്റ് 28 വൈകുന്നേരത്തോടുകൂടിയാണ് ഓണ വിപണന മേള സമാപിക്കുന്നത്.