കുമരകം : കുമരകം സപ്ലൈക്കോ സൂപ്പർ മാർക്കറ്റ് സംരക്ഷിക്കാൻ എ.ഐ.വൈ എഫ് ഒപ്പ് ശേഖരണം നടത്തി.
കുമരകം ചന്തക്കവലയിൽ പ്രവർത്തിച്ച് വരുന്ന സപ്ലൈക്കോ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിക്കുന്നത്. ചന്തക്കവലയിലെ വാടക കെട്ടിടത്തിൽ 2008 ലാണ് സപ്ലൈക്കോ പ്രവർത്തനം ആരംഭിച്ചത്. വർഷങ്ങളായിട്ടും വാടക പരിഷ്കരണം നടത്താത്തത് സംബന്ധിച്ച് കെട്ടിട ഉടമ സ്ഥാപനം ഒഴിപ്പിക്കാൻ കോടതി ഉത്തരവ് നേടി.
ഉത്തരവ് പ്രകാരം ജൂലൈ 30 വരെ മാത്രമേ സപ്ലൈക്കോയുടെ പ്രവർത്തനം ഈ കെട്ടിടത്തിൽ സാധ്യമാകൂ.
ഏകദേശം രണ്ട് മാസം മുമ്പാണ് കെട്ടിട ഉടമ അനുകൂല വിധി സമ്പാദിച്ചത്. കെട്ടിടം ഒഴിഞ്ഞ് തരാൻ രണ്ട് തവണ സമയം നീട്ടി നൽകിയിട്ടും പുതിയ കെട്ടിടം കണ്ടെത്താൻ സപ്ലൈക്കോ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടൂറിസം ഗ്രാമമായ കുമരകത്ത് സപ്ലൈക്കോ നിശ്ചയിച്ച വാടകയിൽ കെട്ടിടം ലഭിക്കില്ല. ചതുരശ്രമീറ്ററിന് 25 മുതൽ 30 രൂപ വരെയാണ കെട്ടിട ഉടമകൾ ആവശ്യപ്പെടുന്നത്. അതേസമയം ചതുരശ്രമീറ്ററിന് 18 രൂപയിലധികം വാടക നൽകാൻ ഉദ്യോഗസ്ഥർ തയ്യാറാകാത്തത് മൂലം പുതിയ കെട്ടിടം കണ്ടെത്തുവാൻ സാധിച്ചില്ല.
ലാഭത്തിൽ പ്രവർത്തിക്കുന്ന കുമരകം സപ്ലൈക്കോയ്ക്ക് പ്രവർത്തിക്കാൻ പുതിയ കെട്ടിടം സജ്ജമാക്കാൻ നിലവിലെ വാടക വർദ്ധിപ്പിക്കണമെന്നും സ്ഥാപനത്തിന്റെ സേവനം കുമരകം ജനതയക്ക് തുടർന്നും ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് വകുപ്പ് മന്ത്രിക്ക് ഭീമ ഹർജ്ജി നൽകുന്നതെന്ന് എ.ഐ.വൈ.എഫ് മേഖല സെക്രട്ടറി എസ്.ഡി. റാം പറഞ്ഞു. പ്രസിഡന്റ് സുജിത്ത് വേലിയാത്ത് , സി.പി.ഐ ലോക്കൽ കമ്മറ്റി അംഗം ഷിജോ. ഇ ജോൺ , അസിസ്റ്റന്റ് സെക്രട്ടറി വിഷ്ണുദാസ് തുടങ്ങിയവർ ഭീമ ഹർജ്ജി ഒപ്പ് ശേഖരണത്തിന് നേതൃത്വം വഹിച്ചു