കുമരകം : വേമ്പനാട്ടുകായലിൽ പോളക്കൂട്ടത്തിൽ അകപ്പെട്ട മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി. കുമരകം പതിമൂന്നാം വാർഡിൽ അരയശ്ശേരി ഭാഗത്ത് വെന്നലശ്ശേരി ശശി (62) ആണ് മണിക്കൂറുകളോളം പോളയിൽ കുടുങ്ങി കിടന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പോളയിൽ കുടുങ്ങിയ ശശിയെ നാലു മണിയോടെ കോട്ടയത്തുനിന്നെത്തിയ അഗ്നിശമന സേനയാണ് രക്ഷിച്ച് കരയ്ക്ക് എത്തിച്ചത്.
വേമ്പനാട്ടുകായലിന്റെ കിഴക്കേ തീരത്ത് ഇല്ലിക്കളം ലേക്ക് റിസോർട്ടിന് പടിഞ്ഞാറു ഭാഗത്തായാണ് ശശിയുടെ മത്സ്യബന്ധന വള്ളം വലിയ പോളക്കൂട്ടത്തിൽ അകപ്പെട്ടത്. മണിക്കുറുകൾ കായലിൽ തനിയെ കഴിഞ്ഞ തൊഴിലാളിയെ കണ്ട ഇല്ലിക്കളം റിസോർട്ടിൽ ഉണ്ടായിരുന്ന വിനോദസഞ്ചാരിയാണ് വിവരം അഗ്നിശമന സേനയെ അറിയിച്ചത്. തുടർന്ന് അഗ്നിശമന സേന എത്തി ശശിയെ രക്ഷിക്കുകയുമായിരുന്നു.