കുമരകം : കുമരകം ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ്ബ് നാടിന്റെ വിവിധ മേഖലകളുടെ സഹകരണത്തോടെ 2024 സെപ്റ്റംബർ 15 തിരുവോണനാളിൽ കോട്ട തോട്ടിൽ നടത്തപ്പെടുന്ന 121 ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളിയുടെ ജോഡി നിർണയം നടത്തി.
മാനവികത എന്ന നവോത്ഥാന സന്ദേശം മനുഷ്യരാശിക്ക് നൽകിയ വിശ്വമഹാഗുരു ശ്രീനാരായണഗുരുദേവൻ്റെ കുമരകം സന്ദർശന സ്മരണയ്ക്കായ് ചിങ്ങമാസത്തിലെ ചതയനാളിൽ നൂറ്റാണ്ടിലധികമായി നടത്തിവന്നിരുന്ന കുമരകം മത്സരവള്ളംകളി വയനാട് ദുരന്തത്തെ തുടർന്ന് മാറ്റിവച്ചിരുന്നു.
തുടർന്ന് നാടിൻ്റെ സ്പന്ദനമായ വള്ളംകളി ചിങ്ങം മാസത്തിലെ തിരുവോണനാളിൽ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കളിവള്ളങ്ങളുടെ ക്യാപ്റ്റൻമാരുടെ യോഗം കുമരകം എസ് എച്ച് ഒ കെ ഷിജി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് വി എസ് സുഗേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലബ്ബ് ഭാരവാഹികളായ എസ് ഡി പ്രേംജി എം കെ വാസവൻ പി കെ മനോഹരൻ പുഷ്കരൻ കുന്നത്തു ചിറവി എൻ കലാധരൻ ജോഡി നിർണയ കമ്മിറ്റി കൺവീനർ കൊച്ചുമോൻ കൊച്ചു കാളത്തറ എന്നിവർ സംസാരിച്ചു. മത്സര വള്ളംകളിയുടെ ഉദ്ഘാടന മത്സരം ഇരുട്ടുകുത്തി ഒന്നാംതരം വിഭാഗത്തിൽ കുമരകം ഫ്രീഡം ബോട്ട് ക്ലബ്ബ് മൂന്നുതൈയക്കനും കുമരകം ടൗൺ ബോട്ട് ക്ലബ് തുരുത്തിതറയും തമ്മിലാണ്.