കുമരകം : കുമരകം കോട്ടത്തോട്ടിൽ ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് എല്ലാവർഷവും ചിങ്ങമാസത്തിലെ ചതയനാളിൽ സംഘടിപ്പിച്ചിരുന്ന മത്സര വള്ളംകളിയും അതിനോടനുബന്ധിച്ച് ഈ വർഷം നടത്താൻ നിശ്ചയിച്ചിരുന്ന സാംസ്കാരിക ഘോഷയാത്രയും, കേരളജനതയുടെ നൊമ്പരമായ വയനാട് മഹാദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ചിരിക്കുകയാണ്. സാംസ്കാരിക ഘോഷയാത്രയ്ക്കായി കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനും ക്ലബ് യോഗം തീരുമാനിച്ചു.
ആഗസ്റ്റ് 20 ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മനാളായ ചതയദിനത്തിൽ ശ്രീകുമാരമംഗലം ക്ഷേത്രം നടത്തി വരുന്ന ആചാരാനുഷ്ഠ നങ്ങളിൽ ക്ലബ് പരിപൂർണമായും പങ്കെടുക്കുന്നതാണെന്ന് പ്രസിഡന്റ് വി എസ് സുഗേഷും, ജനറൽസെക്രട്ടറി എസ്.ഡി പ്രേജിയും അറിയിച്ചു. 2018- ൽ മഹാപ്രളയത്തിലും 2020-21ലെ കോവിഡ് കാലഘട്ടത്തിലും കുമരകം ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് വള്ളംകളി മാറ്റി വച്ചിട്ടുണ്ട്. ഈ വർഷത്തെ ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളി ഓണത്തിന് നടത്തുന്നതാണെന്നും സംഘടകർ അറിയിച്ചു.