ഹോട്ടൽ ജീവനക്കാരനായ യുവാവ് താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു. കുമരകം സൂരി ഹോട്ടലിലെ ജീവനക്കാരനാണ് രാത്രി 1 – 15ന് കുമരകം ജെട്ടിയിലെ താമസ സ്ഥലത്തെ കെട്ടിടത്തിൽ നിന്നും താഴേക്ക് വീണ് മരിച്ചത്. ഇടുക്കി കഞ്ഞിക്കുഴി കൊച്ചരിക്കുടിയിൽ ജോളി ഐപ്പിന്റെ മകൻ അമൽ കെ ജോളി (24) ആണ് മരിച്ചത്.
ഹോട്ടലിൽ രാത്രി 12.30 വരെയുണ്ടായിരുന്ന ജോലി ചെയ്തതിനു ശേഷം താമസസ്ഥലത്ത് എത്തിയ അമൽ കൂട്ടുകാരുമൊത്ത് കെട്ടിടത്തിന്റെ രണ്ടാം നിലയുടെ മുകളിൽ വിശ്രമിച്ചുകൊണ്ടിരിക്കെ താഴേക്ക് നോക്കിയപ്പോൾ വീണാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഈ കെട്ടിടത്തിന് സമീപമുള്ള വൈദ്യുതി കമ്പനിയിൽ നിന്നും ഷോക്കേറ്റതിനെ തുടർന്നാണ് അപകടം ഉണ്ടായതെന്നും പറയപ്പെടുന്നു. കുമരകം പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്.