കുമരകം : ജലഗതാഗത വകുപ്പിന്റെ സർവീസ് ബോട്ടിൽ നിന്നും കായലിലേക്ക് എടുത്തുചാടിയ ശേഷം കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ചേർത്തല കടക്കരപ്പള്ളി സ്വദേശി ഉദയന്റെ ( തമ്പി 56 ) മൃതദേഹമാണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് ഉദയൻ ആറ്റിൽ ചാടിയത്. ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് ഇദ്ദേഹത്തിന്റെ മൃതദേഹം ഈരാറ്റുപേട്ട ടീം നന്മക്കൂട്ടത്തിന്റെ നേതൃത്വത്തിൽ കണ്ടെത്തിയത്.
ഡിസംബർ ഏഴാം തീയതി മുതൽ ഉദയനെ കാണാതെ ആയെന്നും ഇതേ തുടർന്ന് പട്ടണക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും പറയുന്നു. ഇന്നലെ വൈകിട്ട് കുമരകത്തിൽ നിന്ന് ബോട്ട് പുറപ്പെട്ട് ഏകദേശം 20 മിനിറ്റിനു ശേഷമാണ് സംഭവം. ജനലിന് സമീപത്തിരുന്ന ഉദയൻ അടുത്ത് ഇരുന്ന യാത്രക്കാരനോട് മുഹമ്മയിൽ എത്തിച്ചേരുവാൻ എത്ര സമയം എടുക്കും എന്ന് അന്വേഷിച്ചു. തുടർന്ന് ബാഗുകൾ സീറ്റിൽ വച്ച് കാല് പുറത്തേക്ക് ഇട്ട് ജനൽ വഴിയാണ് ഉദയൻ കായലിലേക്ക് ചാടിയത്.
ബാഗിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കായലിലേക്ക് ചാടിയ വ്യക്തിയെ തിരിച്ചറിഞ്ഞതെന്നു ബോട്ട് ജീവനക്കാർ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവസ്ഥലത്തു നിന്നും മുന്നോട്ടുപോയ ബോട്ട് തിരിച്ചെത്തിച്ച് അപകട സ്ഥലത്ത് നങ്കൂരമിട്ടു. തുടർന്ന് ജീവനക്കാർ കായലിൽ തിരച്ചിൽ നടത്തി. എന്നാൽ ഇരുട്ടിൽ യാതൊന്നും കണ്ടെത്താനായില്ലെന് ബോട്ട് ജീവനക്കാർ പറഞ്ഞു.
മുഹമ്മ സ്റ്റേഷനിൽ നിന്നും റെസ്ക്യൂ ബോട്ടിൽ പോലീസ് കായലിലെ സംഭവ സ്ഥലത്ത് എത്തിയ ശേഷമാണ് എസ് 51-ാം നമ്പർ ബോട്ട് യാത്രക്കാരുമായി മുഹമ്മയിലേക്ക് യാത്ര തുടർന്നത്.
എ.എസ്.പി ഹരീഷ് ജെയ്നിന്റെ നേതൃത്വത്തിൽ പോലീസ് സംഘവും , ചേർത്തലയിൽ നിന്നും ഫയർഫോഴ്സും ആലപ്പുഴയിൽ നിന്ന് സ്കൂബാ ടീം , സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാന്റെ നേതൃത്വത്തിൽ ജലഗതാഗത വകുപ്പ് ജീവനക്കാർ എന്നിവർ കായലിലെ സംഭവ സ്ഥലത്ത് രാത്രി വൈകിയും തിരച്ചിൽ തുടർന്നിരുന്നു. എന്നാൽ, വെള്ളത്തിൽ വീണ് കാണാതായ ആളെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന്, ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. ഉച്ചയോടെ ഈരാറ്റുപേട്ട ടീം നന്മക്കൂട്ടം പ്രവർത്തകർ സ്ഥലത്ത് എത്തി. ഇവർ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.