കോട്ടയം: താഴത്തങ്ങാടി മത്സരവള്ളംകളിയിലുണ്ടായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് കുമരകം ടൗൺ ബോട്ട് ക്ലബിന് എതിരെ നടക്കുന്ന നീക്കങ്ങളിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കുമരകം ടൗൺ ബോട്ട് ക്ലബ് കമ്മിറ്റി ജില്ലാ കളക്ടർക്ക് പരാതി നൽകി. വിഷയത്തിൽ ബോട്ട് ക്ലബിന് എതിരെ നടപടി സ്വീകരിച്ചാൽ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ടൗൺ ബോട്ട് ക്ലബ് കമ്മിറ്റി. കഴിഞ്ഞ ശനിയാഴ്ച നടന്ന മത്സര വള്ളംകളിയ്ക്കിടെയുണ്ടായ വിവാദങ്ങളിലാണ് ഇപ്പോൾ പരാതിയുമായി കുമരകം ടൗൺ ബോട്ട് ക്ലബ് രംഗത്ത് എത്തിയിരിക്കുന്നത്. എന്നാൽ, കുമരകം ടൗൺ ബോട്ട് ക്ലബിന് നീതി നിഷേധിക്കപ്പെട്ട വിഷയത്തിൽ ഇടപെടാൽ മന്ത്രി വി.എൻ വാസവൻ അടക്കമുള്ള കുമരകത്തെ ജനപ്രതിനിധികൾ ആരും തന്നെ തയ്യാറാകാത്തതിൽ കടുത്ത പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ അടക്കം വള്ളംകളി പ്രേമികൾ ഉയർത്തുന്നത്.
ഇന്നു രാവിലെയാണ് വിഷയം ചൂണ്ടിക്കാട്ടി കുമരകം ടൗൺ ബോട്ട് ക്ലബ് ഭാരവാഹികൾ ജില്ലാ കളക്ടർക്ക് നിവേദനം നൽകിയത്. വിഷയത്തിൽ ഗുരുതരമായ വീഴ്ചയാണ് കോട്ടയം വെസ്റ്റ് ക്ലബിനും സിബിഎൽ സംഘാടക സമിതിയ്ക്കും ഉണ്ടായതെന്നു കുമരകം ടൗൺ ബോട്ട് ക്ലബ് ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ മൂന്ന് സീസണുകളിലും ചുണ്ടൻ വള്ളത്തിന്റെ മത്സരങ്ങളാണ് താഴത്തങ്ങാടിയിൽ ആദ്യം നടത്തിയത്. സിബിഎൽ മത്സരങ്ങൾ ഉച്ചയ്ക്ക് മൂന്നിനും അഞ്ചിനും ഇടയിൽ നടത്തണമെന്നാണ് ചട്ടം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, ഇക്കുറി താഴത്തങ്ങായിയിൽ വൈകിട്ട് 4.45 നാണ് ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ ആരംഭിച്ചത് തന്നെയെന്ന് കുമരകം ടൗൺ ബോട്ട് ക്ലബ് ഭാരവാഹികൾ ആരോപിക്കുന്നു. ഒന്നാം ഹീറ്റ്സ് ആരംഭിച്ചപ്പോൾ തന്നെ ശക്തമായ കാറ്റും മഴയും കാരണം ട്രാക്ക് പോലും കാണാനാവാത്ത സാഹചര്യമുണ്ടായി. ഇതിനാൽ വള്ളത്തിന് മികച്ച സമയം കണ്ടെത്താൻ സാധിച്ചില്ലെന്നും ഇവർ പറയുന്നു. ഇതു സംബന്ധിച്ചു സംഘാടകരോട് അതേ സമയം തന്നെ പരാതി അറിയിക്കുകയും രേഖാമൂലം എഴുതി നൽകുകയും ചെയ്തിരുന്നു. എന്നാൽ, രണ്ടാം ഹീറ്റ്സിൽ മറ്റു ടീമുകൾ പ്രതികൂല കാലാവസ്ഥയിൽ പങ്കെടുക്കാൻ തയ്യാറായില്ല.
പിന്നീട് ഹീറ്റ്സ് നടത്തിയ ശേഷം പ്രതികൂല കാലാവസ്ഥയും വെളിച്ചകുറവും മൂലമാണ് ഫൈനൽ നടക്കാതെ പോയത്. കാണികൾ ഫിനിഷിംങ് ലൈൻ കളയുക കൂടി ചെയ്തതോടെ മത്സരം പൂർണമായും ഉപേക്ഷിച്ചു. മൂന്നു ദിവസവും ട്രയൽ എടുത്തപ്പോൾ 3.15 സെക്കൻഡിൽ വള്ളം ഫിനിഷ് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ വള്ളം ഫൈനൽ കളിക്കുമെന്ന് ഉറപ്പുണ്ടായിരുന്നതിനാലാണ് തുഴച്ചിൽക്കാർ വൈകാരികമായി പെരുമാറിയതെന്നും ക്ലബ് ഭാരവാഹികൾ നൽകിയ പരാതിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ താഴത്തങ്ങാടിയ്ക്കു വേണ്ടി മാത്രം 12 ലക്ഷത്തോളം രൂപ ചിലവാക്കിയ ക്ലബിനുണ്ടായ നഷ്ടപരിഹാരം പരിഹരിച്ചു നൽകണമെന്നും വെസ്റ്റ് ക്ലബിനെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും കുമരകം ടൗൺ ബോട്ട് ക്ലബ് നൽകിയ പരാതിയിൽ പറയുന്നു.
എന്തായാലും വിഷയത്തിൽ ജനപ്രതിനിധികൾ ആരും തന്നെ തങ്ങളുടെ ടീമിനെ പിൻതുണയ്ക്കുന്നില്ലെന്ന് കുമരകം ടൗൺ ബോട്ട് ക്ലബ് ആരാധകർ പറയുന്നു. സോഷ്യൽ മീഡിയയിൽ അടക്കം ഇവർ ഈ ആരോപണം ഉയർത്തുന്നുണ്ട്.