കുന്നന്താനത്ത് 33 കെവി സബ് സ്റ്റേഷന്‍ ആരംഭിക്കും: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

മല്ലപ്പള്ളി: കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ 33 കെവി സബ് സ്റ്റേഷന്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. മല്ലപ്പള്ളി സെന്റ് ജോണ്‍സ് ബഥനി ഓര്‍ത്തഡോക്സ് വലിയ പള്ളി ഹാളില്‍ മല്ലപ്പള്ളി ഇലക്ട്രിക്കല്‍ സബ് ഡിവിഷന്റെയും ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരത്തിന്റെയും നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കുന്നന്താനത്ത് ഒരു സെക്ഷന്‍ ഓഫീസ് കൂടി സ്ഥാപിക്കുന്നത് പരിഗണിക്കും. മല്ലപ്പള്ളി ഗവ. ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണം വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്ത് ആരംഭിച്ചിട്ടുള്ള സൗരോര്‍ജ പദ്ധതികള്‍ പോലെയുള്ളവയില്‍ ജില്ലയിലെ ജനങ്ങളും പങ്കാളികളാകണം. പ്രകൃതിക്ക് ദോഷമില്ലാത്ത ഹരിത ഊര്‍ജ സ്രോതസുകളെ സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കും. പീക്ക് അവറില്‍ 3000 മെഗാവാട്ടിന്റെ കുറവാണ് ഉള്ളത്. അതിനാല്‍ ഒരു വര്‍ഷം കൊണ്ടു തന്നെ 198 മെഗാവാട്ടിന്റെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ആസൂത്രണം ചെയ്യുന്നത്. പകല്‍ സമയങ്ങളില്‍ സോളാര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താമെന്നും രാത്രിയിലെ ഉപഭോഗം കുറച്ചാല്‍ പവര്‍ക്കെട്ടിന്റെ ആവശ്യമുണ്ടാവില്ലെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
കേരള സര്‍ക്കാരും കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡും ദൈനംദിന വൈദ്യുതി സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും, ജനോപകാരപ്രദവും ഉപഭോക്തൃ സൗഹാര്‍ദപരവുമാക്കുന്നതിന്റെ ഭാഗമായി മല്ലപ്പള്ളി സെക്ഷന്‍ ഓഫീസ് പരിധിയിലുള്ള 19110 ല്‍ പരം ഉപഭോക്താക്കള്‍ക്കും, പൊതുജനങ്ങള്‍ക്കും കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനാണ് പുതിയ ഇലക്ട്രിക്കല്‍ സബ്ഡിവിഷന്‍ സെക്ഷന്റെ നിര്‍മാണം. മല്ലപ്പള്ളി 110 കെവി സബ് സ്റ്റേഷനോട് ചേര്‍ന്നുള്ള 11.5 സെന്റ് സ്ഥലത്ത് തൊണ്ണൂറു ലക്ഷം രൂപ ചിലവില്‍ രണ്ടു നിലകളിലായി 2567 ചതുരശ്ര അടിയിലാണ് പുതിയ ഓഫീസ് കെട്ടിടത്തിന്റെ നിര്‍മാണം.
അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഓട്ടോകാസ്റ്റ് ലിമിറ്റഡ് കേരള ചെയര്‍മാന്‍ അലക്‌സ് കണ്ണമല, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹനന്‍, കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു, ആനിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രമീള വസന്ത് മാത്യു, ജില്ലാ പഞ്ചായത്ത് അംഗം സി.കെ. ലതാകുമാരി, മല്ലപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പണിക്കമുറി, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു സുഭാഷ്, പഞ്ചായത്ത് അംഗം എസ്. വിദ്യാമോള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.