മഴ തുടരുന്ന സാഹചര്യമുണ്ടാകുമ്പോള്‍ ഒറ്റപ്പെടുന്ന കുരുമ്പന്‍മൂഴി, അരയാഞ്ഞിലിമണ്‍ പ്രദേശങ്ങളിലെ ജനങ്ങളുടെ വിഷമാവസ്ഥയ്ക്ക് ശാശ്വത പരിഹാരമുണ്ടാകണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. താലൂക്ക് വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. നദികളിലെ ജലനിരപ്പ് ഉയരുമ്പോള്‍ പുറത്തേക്ക് വരാന്‍ നടപ്പാതയോ പാലമോ നിര്‍മിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പട്ടികവര്‍ഗവകുപ്പിന്റെ നേതൃത്വത്തില്‍ രണ്ട് പ്രദേശങ്ങളിലെ ജനങ്ങള്‍ക്കും വേണ്ട ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചു. ഇതിനായി ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍, ആരോഗ്യമന്ത്രി വീണാജോര്‍ജ്, ജില്ലാകളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ എന്നിവര്‍ പ്രത്യേകമായി മുന്‍കൈ എടുത്തിരുന്നു.
കുട്ടികളുടെ പഠനം മുടങ്ങിയ സാഹചര്യത്തില്‍ അവര്‍ക്ക് വേണ്ട പഠന മുറികള്‍ തുറക്കുകയും അധ്യപകരെ ഏര്‍പ്പെടുത്തുകയും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്തത് ഏറെ അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. റാന്നി മേഖലയില്‍ മഴ പെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഏകോപിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍കൈ എടുത്തു. അതിനായി പ്രവര്‍ത്തിച്ച എല്ലാ വകുപ്പുകളേയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. കുരുമ്പന്‍മൂഴി, അരയാഞ്ഞിലിമണ്‍ പ്രദേശത്തെ കോസ് വേയില്‍ അടിഞ്ഞ ചെളി വേഗത്തില്‍ നീക്കം ചെയ്യണം. പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രത്യേക കരുതലുണ്ടാകണമെന്നും മഴ മാറിയെന്ന് കരുതി നദികളിലും ജലാശയങ്ങളിലും കുളിക്കുന്നതിനും തുണി അലക്കുന്നതിനും ഇറങ്ങരുതെന്നും അദ്ദേഹം പറഞ്ഞു.
മഴ സൃഷ്ടിച്ച പ്രതിസന്ധിഘട്ടം നാം തരണം ചെയ്ത് കഴിഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കക്കി ആനത്തോട് റിസര്‍വോയറില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പമ്പ റിസര്‍വോയറില്‍ നിലവില്‍ ബ്ലു അലര്‍ട്ടാണ്. ജനസാന്ദ്രതയുള്ള മേഖലകളില്‍ മഴ മാറി നില്‍ക്കുന്നുണ്ടെങ്കിലും വനമേഖലയിലും ഡാമിന്റെ വൃഷ്ടിപ്രദേശത്തും മിതമായ തോതില്‍ മഴ പെയ്യുകയാണ്. ഡാമിലേക്ക് എത്തുന്ന ജലം കൂടുന്നുണ്ട്. രണ്ട് ഡാമുകളും സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കളക്ടര്‍ പറഞ്ഞു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപീകൃതമാകുന്ന ന്യൂനമര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ മഴ തുടരുമെന്നാണ് സൂചന. എല്ലാ ഉദ്യോഗസ്ഥരും ജില്ല വിട്ട് പോകരുതെന്ന നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. മൂന്ന് നദികളിലേയും ജലനിരപ്പ് കുറയുന്നുണ്ട്. ഫ്‌ളഡ് ടൂറിസം അനുവദിക്കില്ല. കൗതുകത്തിനും സാഹസികതയ്ക്കും വലിയ വിലകൊടുക്കേണ്ടി വരും. അപകടസാഹചര്യം നിലനില്‍ക്കെ വീഡിയോയും ചിത്രങ്ങളും പകര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
റാന്നി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന താലൂക്ക് വികസന സമിതിയില്‍ റാന്നി തഹസില്‍ദാര്‍ ആര്‍.രാജേഷ്, എല്‍ആര്‍ തഹസില്‍ദാര്‍ ജോസ് കെ. ഈപ്പന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജെസി അലക്‌സ്, ജോര്‍ജ് ഏബ്രഹാം, തദ്ദേശസ്വയംഭരണ സ്ഥാപന അംഗങ്ങള്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.