കുറവിലങ്ങാട്: ചരിത്രപൈതൃകത്താൽ സമ്പന്നമായ കുറവിലങ്ങാട് ദേശത്തിൻ്റെ അക്ഷര വെളിച്ചമായ ദേവമാതാ കോളേജിന് യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷൻ ഓട്ടോണമസ് പദവി നൽകി. കോളേജുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ദേശീയസംവിധാനമായ നാക് നടത്തിയ മൂല്യനിർണയത്തിൽ 3.67 ഗ്രേഡ് പോയിന്റോടെ കോട്ടയം ജില്ലയിലെ കോളേജുകളിൽ ദേവമാതാ ഒന്നാമത് എത്തിയിരുന്നു. കഴിഞ്ഞവർഷത്തെ കെ ഐ ആർ എഫ്, എൻ ഐ ആർ എഫ് മൂല്യനിർണയങ്ങളിൽ കോട്ടയം ജില്ലയിലെ ഓട്ടോണമസ് ഇതര കോളേജുകളിൽ ഒന്നാം സ്ഥാനം കുറവിലങ്ങാട് ദേവമാതാ കോളേജിനായിരുന്നു
1964 ൽ ബഹുമാനപ്പെട്ട പോൾ ആലപ്പാട്ട് അച്ചൻ്റെ നേതൃത്വത്തിൽ സ്ഥാപിതമായ ഈ കലാലയം വജ്ര ജൂബിലിയുടെ പ്രഭയിലാണ്.
കോളേജിലെ ഭൗതിക സാഹചര്യങ്ങൾ, സംസ്ഥാന ദേശീയ ഏജൻസികളുടെ നിലവാരപരിശോധന , പഠനനിലവാരം, യൂണിവേഴ്സിറ്റി റാങ്കുകൾ,ഗവേഷണ സംഭാവനകൾ, അക്കാദമിക് പ്രസിദ്ധീകരണങ്ങൾ, ബിരുദബിരുദാനന്തര കോഴ്സുകളുടെ എണ്ണവും നിലവാരവും, പഠനാനുബന്ധ പരിപാടികൾ, പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ, സാമൂഹിക പ്രതിബദ്ധത, ലാബ് ലൈബ്രറി സൗകര്യങ്ങൾ, പൂർവ്വ വിദ്യാർത്ഥികളുടെ സാമൂഹികപദവിയും പിന്തുണയും എന്നിവ സമഗ്രമായി വിലയിരുത്തിയത്തിൻ്റെ അടിസ്ഥാനത്തിലാണ് യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷൻ കുറവിലങ്ങാട് ദേവമാതാ കോളേജിന് ഓട്ടോണമസ് പദവി നൽകിയത്. കോളേജ് മാനേജർ ആർച്ച് പ്രീസ്റ്റ് വെരി റവ ഡോ തോമസ് മേനാച്ചേരി, പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ റവ ഫാ. ഡിനോയ് മാത്യു കവളമ്മാക്കൽ, ബർസാർ റവ ഫാ. ജോസഫ് മണിയൻചിറ, ഡോ. സരിത കെ. ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ദേവമാതാ ഈ നേട്ടം കൈവരിച്ചത്. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ അഭിനന്ദനങ്ങൾ നേർന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ നേരിട്ട് എത്തി മാനേജ്മെന്റിനെയും അധ്യാപക അനദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഓട്ടോണമസ് പദവി നേടിയതിലുള്ള അഭിനന്ദനം അറിയിച്ചു.