ഫ്രാങ്കോ മുളയ്ക്കലിന് എതിരായ പരാതിയുടെ പേരിൽ പീഡനം :കുറവിലങ്ങാട് മിഷനറീസ് ഓഫ് ജീസസ് മഠത്തിൽ പരാതിക്കാരിയും മറ്റ് രണ്ടുപേരും ഒറ്റപ്പെട്ട അവസ്ഥയിൽ : ജീവിത മാർഗവും നിലച്ചു

കോട്ടയം: ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ, തന്നെ ബലാത്സംഗം ചെയ്തെന്ന് പരാതിപ്പെട്ട കന്യാസ്ത്രീയെ പിന്തുണച്ച സിസ്റ്റർ അനുപമ ഉൾപ്പെടെ മൂന്നുപേർ സഭാവസ്ത്രം ഉപേക്ഷിച്ചതോടെ കുറവിലങ്ങാട് മിഷനറീസ് ഓഫ് ജീസസ് മഠത്തിൽ പരാതിക്കാരിയും മറ്റ് രണ്ടുപേരും ഒറ്റപ്പെട്ട അവസ്ഥയിൽ.ഇവരുടെ ജീവിതമാർഗവും ഇല്ലാതായെന്ന് ആഭിമുഖ്യമുള്ളവർ ആരോപിക്കുന്നു.

Advertisements

ആറ് പേരുണ്ടായിരുന്ന മഠത്തിലെ അനുപമ, നീന റോസ്, ജോസഫൈൻ എന്നീ കന്യാസ്ത്രീകളാണ് സഭാവസ്ത്രം ഉപേക്ഷിച്ചത്. നിലവില്‍ പരാതിക്കാരി, സിസ്റ്റർമാരായ ആല്‍ഫി, അൻസിറ്റ എന്നിവർ മാത്രമേ ഇവിടെയുള്ളൂ. കേസ് തുടങ്ങിയ നാള്‍മുതല്‍ ഏർപ്പെടുത്തിയ പോലീസ് സുരക്ഷ തുടരുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേസ് ഉണ്ടായതുമുതല്‍ നിത്യച്ചെലവിനുള്ള പണം മുടങ്ങിയതിനാല്‍ മൂന്നുപേരും ബുദ്ധിമുട്ടുകയാണ്. ചില ദിവസങ്ങളില്‍ ആഹാരത്തിനുപോലും ബുദ്ധിമുട്ടുണ്ടെന്നാണ് സൂചന. പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാതെ നരകയാതനയിലാണ് ഇവരെന്നും ആഭിമുഖ്യമുള്ളവർ പറയുന്നു.

രണ്ടുവർഷം മുൻപുവരെ ഹോസ്റ്റല്‍ ഉണ്ടായിരുന്നു. അതില്‍നിന്നും കൃഷിയില്‍നിന്നുമുള്ള വരുമാനം പൂർണമായി ജലന്ധർ രൂപതയ്ക്ക് നല്‍കണമെന്നായിരുന്നു വ്യവസ്ഥ. തുടർന്ന് അംഗങ്ങള്‍ക്ക് ചെലവിനുള്ള തുക രൂപതയില്‍നിന്ന് നല്‍കിയിരുന്നു. ഹോസ്റ്റല്‍ പ്രവർത്തനം സഭ നിർത്തിയതോടെ മഠത്തിന്റെ സ്ഥലത്ത് കോഴിയെ വളർത്തിയും ചെറിയ കൃഷി നടത്തിയുമാണ് അംഗങ്ങള്‍ കഴിഞ്ഞിരുന്നത്. സിസ്റ്റർ നീന ഇടക്കാലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ഏറെനാള്‍ ചികിത്സയിലുമായിരുന്നു.

സാമ്ബത്തിക ബുദ്ധിമുട്ട് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കന്യാസ്ത്രീകള്‍ക്കിടയില്‍ വേർതിരിവിനിടയാക്കി. ഇരുചേരികളിലായി അകന്നത് അവരെ മാനസികസമ്മർദ്ദത്തിലുമാക്കി. ഇതോടെയാണ് മൂന്നുപേർ മഠം വിട്ടതെന്ന് ഇവരോട് അടുപ്പമുള്ളവർ പറയുന്നു. മൂന്നുപേരും സ്വന്തംവീടുകളിലേക്കാണ് പോയത്. മഠം വിടുന്ന കാര്യം ജലന്ധർ രൂപതയെയും കോണ്‍വെന്റ് അധികൃതരെയും അറിയിച്ചിരുന്നെന്നാണ് വിവരം. ജലന്ധർ രൂപതാ അധികൃതർ ഒരു വട്ടം മഠത്തിലെത്തി സംസാരിച്ചെന്നും ‘സേവ് അവർ സിസ്റ്റേഴ്സ് ‘കൂട്ടായ്മ പ്രതിനിധികള്‍ പറയുന്നു. അതേസമയം ഇതുസംബന്ധിച്ചു പ്രതികരിക്കാൻ മഠത്തിലെ കന്യാസ്ത്രീകള്‍ തയ്യാറായില്ല.

2014 മുതല്‍ 2016 വരെ ബിഷപ്പ് ഫ്രാങ്കോ 13 തവണ തന്നെ പീഡിപ്പിച്ചെന്നാണ് ഒരു കന്യാസ്ത്രീ പരാതിപ്പെട്ടത്. 2018 സെപ്റ്റംബർ 21-ന് ബിഷപ്പിനെ അറസ്റ്റുചെയ്തു. 2022 ജനുവരി 14-ന് തെളിവുകളുടെ അഭാവത്തില്‍ ബിഷപ്പിനെ കോടതി വെറുതെവിട്ടു. ബിഷപ്പിനെതിരേ നിലപാട് എടുത്തവർ സഭക്കുള്ളിലും പുറത്തും കൂടുതല്‍ ഒറ്റപ്പെട്ടു. ഇതോടെയാണ് കുറവിലങ്ങാട് മഠത്തിലെ അന്തേവാസികളേയും തഴഞ്ഞത്. ബിഷപ്പിനെ വെറുതെവിട്ടതിനെതിരേ സർക്കാർ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

സിസ്റ്റർ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു

ആലപ്പുഴ: ജലന്ധർ മുൻ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരേ നടപടിയാവശ്യപ്പെട്ട് സമരം നടത്തിയ കന്യാസ്ത്രീകളില്‍ ഒരാളായ സിസ്റ്റർ അനുപമ സന്യാസമഠം വിട്ട് ചേർത്തല പള്ളിപ്പുറത്തെ വീട്ടിലേക്കു മടങ്ങി. പള്ളിപ്പുറം ഇൻഫോപാർക്കിലെ ഐടി സ്ഥാപനത്തില്‍ ഡേറ്റാ എൻട്രി ഓപ്പറേറ്ററായി ജോലിക്കു കയറുകയും ചെയ്തു.

ഒന്നരമാസം മുൻപാണ് കോട്ടയം കുറവിലങ്ങാട്ടെ മഠത്തില്‍നിന്ന് അനുപമ വീട്ടിലേക്കു മടങ്ങിയത്. സഭാവസ്ത്രം ഉപേക്ഷിക്കുകയെന്നത് അനുപമ സ്വയമെടുത്ത തീരുമാനമാണെന്ന് പിതാവ് വർഗീസ് പറഞ്ഞു. ‘2017-ല്‍ ബിഷപ്പ് ഫ്രാങ്കോയുമായുള്ള പ്രശ്നം അറിഞ്ഞപ്പോള്‍ത്തന്നെ എല്ലാം അവസാനിപ്പിച്ചുവരാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, അന്ന് മകളതിനു തയ്യാറായില്ല. എറണാകുളം ഹൈക്കോടതി ജങ്ഷനിലെ വഞ്ചി സ്ക്വയറില്‍ കന്യാസ്ത്രീകള്‍ ചേർന്ന് ദിവസങ്ങളോളം സമരം നടത്തിയപ്പോഴും കുടുംബം കൂടെ നിന്നു. സഭാവസ്ത്രം ഉപേക്ഷിക്കുകയാണെന്ന് നേരത്തേ അറിയിച്ചിരുന്നില്ല. വീട്ടിലെത്തിയപ്പോഴാണ് എല്ലാമറിയുന്നത്’ -വർഗീസ് പറഞ്ഞു.

‘കേസിനുശേഷം മഠത്തില്‍ പോലീസ് സംരക്ഷണയിലായിരുന്നു മകളുടെ ജീവിതം. അവിടെ ഡ്യൂട്ടിയിലുള്ള പോലീസുകാരോട് അനുവാദം വാങ്ങി വേണമായിരുന്നു മകളെ കാണാൻ. മഠത്തിലെ ജീവിതത്തില്‍ കൂടുതല്‍ ഒറ്റപ്പെടല്‍ തോന്നിത്തുടങ്ങിയതോടെയാണ് എല്ലാം ഉപേക്ഷിച്ചുവന്നത്’ – പിതാവ് പറഞ്ഞു.തിങ്കളാഴ്ച പള്ളിപ്പുറത്തെ ഒരു ചടങ്ങിനിടെ അനുപമയോടു പ്രതികരണം തേടിയെങ്കിലും സംസാരിക്കാൻ തയ്യാറായില്ല. മഠത്തില്‍ തുടരാൻ കഴിയാത്തവിധമുള്ള ഒറ്റപ്പെടുത്തലും സമ്മർദവുമാണ് വിട്ടുപോരാൻ കാരണമെന്നാണു സൂചന. എംഎസ്ഡബ്ല്യു ബിരുദധാരിയാണ് 37-കാരിയായ അനുപമ. നിലവിലെ ജോലി താത്കാലികമാണ്.

Hot Topics

Related Articles