മാലിന്യ സംസ്കരണ കേന്ദ്രം കാട് കയറുന്നു; വ്യാപാരികൾക്ക് പുത്തൻ നിബന്ധനകളുമായി മരങ്ങാട്ടുപിള്ളി പഞ്ചായത്ത്‌ലക്ഷ്യം അവാർഡ് എന്ന് ആക്ഷേപം

മരങ്ങാട്ടുപിള്ളി: ലക്ഷങ്ങൾ ചെലവഴിച്ച് കൊട്ടിഘോഷിച്ച് നിർമ്മിച്ച തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്കരണ കേന്ദ്രം കാടുകയറി നശിക്കുമ്പോൾ വ്യാപാരികൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്. ജൈവ അജൈവ മാലിന്യങ്ങൾ തരംതിരിച്ച് സംസ്കരിക്കാനായി ഓരോ കടയുടെ മുൻപിലും പച്ച ചുവപ്പ് നിറത്തിലുള്ള വേസ്റ്റ് ബക്കറ്റുകൾ സ്ഥാപിക്കണമെന്നാണ് പഞ്ചായത്തിന്റെ പുതിയ നിർദ്ദേശം.

Advertisements

ബക്കറ്റിൽ സംഭരിക്കുന്ന മാലിന്യം എന്ത് ചെയ്യണം എന്നത് സംബന്ധിച്ച് പഞ്ചായത്ത് വ്യക്തമായ മറുപടി നൽകുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. വ്യാപാരികൾ തന്നെ മാലിന്യം വീട്ടിൽ കൊണ്ട് പോയി സംസ്കരിക്കണമെന്നാണ് പഞ്ചായത്തിൽ അന്വേഷിച്ചപ്പോൾ മറുപടി ലഭിച്ചത് എന്നും പറയുന്നു. സ്വന്തം സ്ഥാപനത്തിലെ മാലിന്യങ്ങൾക്ക് പുറമേ പൊതുജനങ്ങൾ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ കൂടി ഏറ്റെടുക്കണം എന്നാണ് പഞ്ചായത്ത് നിർദ്ദേശിക്കുന്നത്.
ബക്കറ്റുകൾ സ്ഥാപിക്കാൻ തയ്യാറാണെന്നും മാലിന്യം നീക്കം ചെയ്ത് സംസ്കരിക്കുന്നതിന്റെ ചുമതല പഞ്ചായത്ത് ഏറ്റെടുക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. കൃത്യമായ മാലിന്യ സംസ്കരണ സംവിധാനം സ്ഥാപിക്കുന്നത് വരെ പഞ്ചായത്തിന്റെ ഈ പദ്ധതിയോട് സഹകരിക്കേണ്ടതില്ല എന്ന വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഇക്കാര്യം ചൂണ്ടിക്കാണിച്ചു സമിതി ഭാരവാഹികൾ പഞ്ചായത്ത് സെക്രട്ടറിക്ക് കത്തും നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ലക്ഷങ്ങൾ ചെലവഴിച്ച് കൊട്ടിഘോഷിച്ചു ചന്ത കവലയിൽ സ്ഥാപിച്ച തുമ്പൂർമൂഴി മോഡൽ എയ്റോബിക് കമ്പോസ്റ്റ് സ്റ്റേഷൻ കാടുകയറി നശിക്കുകയാണെന്ന് ആക്ഷേപം ഉയർന്നു.

എന്നാൽ ബക്കറ്റ് പദ്ധതി പാളിയതോടെ മാലിന്യനിർമാർജന ഫണ്ടിൽ നിന്ന് പണം വിനിയോഗിച്ച് കടകൾക്ക് മുമ്പിൽ ചെടിച്ചട്ടികൾ സ്ഥാപിച്ചു ടൗൺ സൗന്ദര്യവൽക്കരിക്കാൻ ആണ് ഇപ്പോൾ പഞ്ചായത്ത് ശ്രമിക്കുന്നത്. മാർച്ച് 31ന് സമ്പൂർണ്ണ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഫണ്ട് ചെലവഴിക്കാനാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് ഫണ്ടിൽനിന്ന് ചെടിയും ചെടിച്ചട്ടിയും വ്യാപാരികൾക്ക് ലഭ്യമാക്കും. ചെടികളുടെ പരിപാലന ചുമതല വ്യാപാരികൾക്ക് തന്നെയാണ്.

എന്നാൽ, പഞ്ചായത്ത് വളപ്പിൽ സ്ഥാപിച്ചിരുന്ന വെർട്ടിക്കൽ ഗാർഡനും പാലാ കോഴ റോഡരികിൽ കുഴിച്ചുവച്ച ചെടികളും കരിഞ്ഞുണങ്ങി നശിച്ച നിലയിലാണ്. ഇപ്പോഴത്തെ സൗന്ദര്യവൽക്കരണവും ഈ രീതിയിൽ അവസാനിക്കാനാണ് സാധ്യത.

അവാർഡ് ലക്ഷ്യമിട്ടുള്ള പ്രഹസനം : കോൺഗ്രസ്

ഏതുവിധേനയും ഫണ്ട് ചെലവഴിച്ച് അവാർഡിന് സമർപ്പിക്കുന്നതിന് വേണ്ടിയാണ് പഞ്ചായത്ത് ഇത്തരം പൊടിക്കൈകൾ കാണിക്കുന്നതെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
കഴിഞ്ഞവർഷത്തെ ആകെ 156 ലക്ഷം റോഡ് മെയിന്റനൻസ് ഫണ്ടിൽ 94 ലക്ഷവും പാഴാക്കി കളഞ്ഞിരുന്നു. എന്നിട്ടും ജില്ലയിലെ മികച്ച മൂന്നാമത്തെ പഞ്ചായത്തിനുള്ള അവാർഡ് മരങ്ങാട്ടുപിള്ളിക്ക് ലഭിച്ചു. പ്രത്യേക അവയവദാന ഗ്രാമസഭകൾ സംഘടിപ്പിച്ചതാണ് കഴിഞ്ഞവർഷം പഞ്ചായത്തിനെ അവാർഡിന് അർഹമാക്കിയത്.
ഇപ്പോൾ തിരക്കുപിടിച്ചു നടത്തുന്ന സൗന്ദര്യവൽക്കരണത്തിന്റെ ഉദ്ദേശവും ഇതുതന്നെയാണെന്ന് മണ്ഡലം കമ്മിറ്റി ആരോപിച്ചു.

ജനങ്ങൾക്ക് ഉപകാരപ്പെടേണ്ട ഫണ്ടുകൾ പാഴാക്കി കളയുകയും ഇത്തരം പൊടിക്കൈകളിലൂടെ ഏതു വിധേനയും അവാർഡ് സംഘടിപ്പിച്ച് ആളുകളെ പറ്റിക്കാനാണ് പഞ്ചായത്ത് ഭരണസമിതി ശ്രമിക്കുന്നത്. ഭരണ സമിതിയുടെ പൊള്ളത്തരം ജനങ്ങളിൽ എത്തിക്കാൻ പ്രചരണം ആരംഭിക്കുമെന്നും കോൺഗ്രസ് അറിയിച്ചു

മാലിന്യനിർമാർജനത്തിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്നും തുമ്പൂർമൂഴി യൂണിറ്റ് പ്രവർത്തനക്ഷമം ആക്കണമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

Hot Topics

Related Articles