തൃശൂർ: എഴുന്നെള്ളത്തിനായി ലോറിയിൽ കൊണ്ടു പോകുന്നതിനിടെ കൊമ്പൻ കുട്ടൻകുളങ്ങര അർജുനന് പരിക്ക്. കൊമ്പനെ കൊണ്ടു പോയിരുന്ന ലോറിയുടെ ഇരുമ്പ് ഗ്രില്ലിൽ തട്ടിയാണ് കൊമ്പന് പരിക്കേറ്റത്. ആനയുടെ കൊമ്പ് രണ്ടായി പിളരുകയും ചെയ്തു. രണ്ട് കൊമ്പിന്റെയും അഗ്രമാണ് പിളർന്നത്. വടക്കാഞ്ചേരിയിൽ നിന്നും തൃശൂരിലേയ്ക്ക് കൊമ്പനെ കൊണ്ടു വരുന്നതിനിടെയായിരുന്നു സംഭവം.
ലോറിയിൽ ആനയെയുമായി വരുന്നതിനിടെ ലോറിയുടെ ക്യാബിന്റെ ഗ്രില്ലിലാണ് കൊമ്പ് തട്ടിയത്. കൊമ്പ് രണ്ടു അഗ്രഭാഗം രണ്ടായി പിളർന്നു. ആനയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. ആനയുടെ പിളർന്ന കൊമ്പ് വനം വകുപ്പ് അധികൃതർ ശേഖരിച്ചിട്ടുണ്ട്. ആനയ്ക്കു പരിക്കേറ്റ സാഹചര്യത്തിൽ ആനയെ എഴുന്നെള്ളത്തുകളിൽ നിന്നും മാറ്റി നിർത്താൻ നിർദേശം നൽകിയിട്ടുണ്ട്. ആനയെ വിശദമായി പരിശോധനിച്ച ശേഷം മാത്രമേ ഇനി എഴുന്നെള്ളത്തുകൾക്ക് അനുവദിക്കൂ.