കോട്ടയം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ഥാനങ്ങൾ ചൊല്ലി ഇടതുമുന്നണിയിൽ തർക്കം. കേരള കോൺഗ്രസ് സ്ഥാനങ്ങൾ ഒഴിയാൻ തയ്യാറാക്കണം എന്ന് ആവശ്യപ്പെട്ട് സിപിഐ രംഗത്ത് എത്തിയതോടെയാണ് മുന്നണിയിലെ ഇരു പാർട്ടികളും തമ്മിൽ ഏറ്റുമുട്ടൽ തുടങ്ങിയത്. സിപിഐ ജില്ലാ സെക്രട്ടറി ബി ബിനുവിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ലോപ്പസ് മാത്യു രംഗത്ത് എത്തിയിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനമാറ്റം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുന്നണി മര്യാദ പാലിക്കാൻ കേരള കോൺഗ്രസ് തയ്യാറാവണം
കോട്ടയം: മുന്നണി മര്യാദ പാലിക്കാൻ കേരള കോൺഗ്രസ് തയ്യാറാവണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ വി ബി ബിനു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് പിന്നാലെ ജില്ലയിൽ എൽഡിഎഫ് നേതൃത്വത്തിൽ അധികാര കൈമാറ്റം സംബന്ധിച്ച് ധാരണയുണ്ടാക്കിയിരുന്നു. ഇതനുസരിച്ച് ഡിസംബർ 30ന് ആദ്യ ടേം പൂർത്തിയാക്കിയ അംഗങ്ങൾ സ്ഥാനമൊഴിയണം. സിപിഐ, സിപിഎം ജനപ്രതിനിധികൾ ഈ മുന്നണി മര്യാദ പൂർണ്ണമായി പാലിച്ച് ഡിസംബർ 30ന് രാജി വച്ചിരുന്നു. ചിലയിടങ്ങളിൽ കേരള കോൺഗ്രസ് പ്രതിനിധികളും രാജി പ്രഖ്യാപിച്ചു.
എന്നാൽ മറ്റ് പല സ്ഥലങ്ങളിലും കേരള കോണ്‍ഗ്രസ് അംഗങ്ങൾ ഇനിയും സ്ഥാനമൊഴിയാൻ തയ്യാറായിട്ടില്ല. പലവട്ടം മുന്നണി യോഗങ്ങളിലും, നേതൃത്വ യോഗങ്ങളിലും ഇക്കാര്യം ചർച്ചയായെങ്കിലും തൊട്ടടുത്ത ദിവസം എന്ന നിലയിൽ രാജി നീട്ടിക്കൊണ്ട് പോവുകയാണ് കേരള കോൺഗ്രസ് ജനപ്രതിനിധികൾ ചെയ്യുന്നത്. പാറത്തോട് പഞ്ചായത്തിലും, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അടക്കമുളള സ്ഥലങ്ങളിലും ഇതാണ് സ്ഥിതി. കാഞ്ഞിരപ്പള്ളി, പാറത്തോട് പഞ്ചായത്തിന്റെ കാര്യത്തിൽ ധാരണ പാലിക്കണമെന്ന് രണ്ട് വട്ടം എൽഡിഎഫ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
കേരള കോൺഗ്രസ് ജില്ലാ സംസ്ഥാന ഭാരവാഹികൾ പങ്കെടുത്ത യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. എന്നാൽ ധാരണ പാലിക്കാൻ കേരള കോൺഗ്രസ് തയ്യാറായില്ല .
പലവട്ടം നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടും മുന്നണി മര്യാദ പാലിക്കാൻ കേരള കോൺഗ്രസ് തയ്യാറാകാത്തതിൽ സിപിഐ നേതൃത്വം പ്രതിഷേധം രേഖപ്പെടുത്തി. മറ്റ് രാഷ്ട്രീയപാർട്ടി പ്രതിനിധികൾ രാജി പ്രഖ്യാപിച്ച് മുന്നണി ധാരണ പാലിക്കാൻ കാട്ടിയ മര്യാദ കേരളകോൺഗ്രസ് അംഗങ്ങളും പാലിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ വി ബി ബിനു ചൂണ്ടിക്കാട്ടി.
തദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ കരാർ കേരള കോൺഗ്രസ് എം പാലിക്കും : സി.പി.ഐ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ആവശ്യമില്ലാത്തത് : കോട്ടയം ജില്ലയിൽ എൽ.ഡി.എഫിന് ഇത്രയധികം സീറ്റ് ലഭിച്ചത് കേരള കോൺഗ്രസ് ഒപ്പം എത്തിയതിന് ശേഷം : കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു
കോട്ടയം : തദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഇടതു മുന്നണിയുമായി ഏതെങ്കിലും തരത്തിൽ കരാർ ഉണ്ടങ്കിൽ എല്ലാം പാലിക്കുമെന്ന് കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് , വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ്ങ് കമ്മിറ്റി അംഗങ്ങൾ എന്നത് സംബന്ധിച്ച് എന്ത് കരാറായാലും പാലിക്കും. ഇത് സംബന്ധിച്ച് ഇടതു മുന്നണി ഘടക കക്ഷികളുടെ മിനിറ്റ്സ് പരിശോധിക്കുകയാണ്.
പാറത്തോട് പഞ്ചായത്തിനെയും കാഞ്ഞിരപ്പള്ളി ബ്ളോക്കിനെയും സംബന്ധിച്ചുമുള്ള സി പി ഐ ജില്ലാ സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് വന്ന പരസ്യ പ്രസ്താവന ആവശ്യമില്ലാത്തത് ആയിരുന്നു എന്നാണ് കേരള കോൺഗ്രസ് എമ്മിന്റെ അഭിപ്രായം. കേരള കോൺഗ്രസ് എം ഇടത് മുന്നണിയുടെ ഭാഗമായ ശേഷമാണ് എൽ ഡി എഫിന് കോട്ടയം ജില്ലയിൽ ഇത്രയധികം സീറ്റുകളിൽ വിജയിക്കാനായതും ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഭരിക്കാൻ ആയത് എന്ന് വിമർശിക്കുന്ന വർ മറക്കരുത്.
ഈ സാഹചര്യത്തിൽ മിനിറ്റ്സ് പരിശോധിച്ച് എല്ലാ സ്ഥലത്ത് ഉള്ള കരാറുകൾ പരിശോധിച്ച് രാജി വച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടെ ഇത്തരം ഒരു പ്രസ്താവനയുടെ ആവശ്യം ഇല്ലായിരുന്നു. എന്തെങ്കിലും പ്രശ്നം ഉണ്ടങ്കിൽ ചർച്ച ചെയ്ത് മിനിറ്റ്സ് നോക്കി പരിഹരിക്കാവുന്നതേ ഉള്ളു എന്നാണ് പാർട്ടിയുടെ അഭിപ്രായം. പാർട്ടി ഏതെങ്കിലും തരത്തിൽ ഏതെങ്കിലും പഞ്ചായത്തിൽ എഗ്രിമെന്റ് വച്ചിട്ടുണ്ടെങ്കിൽ ഉറപ്പായും പാലിക്കുമെന്ന ഉറച്ച തീരുമാനമാണ് ഉള്ളതെന്നും അദേഹം പറഞ്ഞു.