കോട്ടയം: എന്നുമെന്നും കോട്ടയത്ത് ആരോഗ്യമന്ത്രിയെത്തിയിരുന്നെങ്കിൽ, എത്ര സുന്ദരമാകുമായിരുന്നു നമ്മുടെ ആശുപത്രികൾ..! കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ ആത്മഗതമാണ് മുകളിൽ പറഞ്ഞത്. ഒരിക്കലും തുറക്കാത്ത ലിഫ്റ്റുകൾ പോലും തുറന്നു നൽകുകയും, വൃത്തിഹീനമായി മാത്രം കിടന്നിരുന്ന ബാത്ത് റൂമുകൾ വൃത്തിയാക്കപ്പെടുകയും, സ്വകാര്യ ആശുപത്രിയ്ക്കു സമമായി ഓരോ നിമിഷവും വാർഡുകൾ ക്ലീനാക്കപ്പെടുകയും ചെയ്യുന്ന ആത്ഭുത കാഴ്ച കണ്ടാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾ വെള്ളിയാഴ്ച കണ്ണ് തുറന്നത്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ മന്ത്രി വീണാ ജോർജ് എത്തുന്നതായുള്ള പ്രഖ്യാപനം വന്നതാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരെ കർമ്മനിരതരാക്കി മാറ്റിയത്. എല്ലാം സാമട്ടിൽ മാത്രം ചെയ്തിരുന്ന ജീവനക്കാർ വ്യാഴാഴ്ച മുതൽ ‘എനർജറ്റിക്ക് ആൻ്റ് എൻതൂസിയാസ്റ്റിക്കായി’മാറിയതിനെ അത്ഭുതത്തോടെയാണ് രോഗികളും കൂട്ടിരിപ്പുകാരും കണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രോഗികൾ തിങ്ങിനിറഞ്ഞ് ഒരാളുടെ പുറത്ത് മറ്റൊരാൾ കിടക്കുന്ന നിലയിൽ കിടന്നിരുന്ന മെഡിസിൽ വാർഡിൽ വ്യാഴാഴ്ച നടന്നത് ഡിസ്ഡാർജ് മാമാങ്കമായിരുന്നു. കൂട്ടപിരിച്ചു വിടൽ ഇതിനു മുൻപ് ലോകം കണ്ടത് ട്വിറ്റർ ഇലോൺ മസ്ക് ഏറ്റെടുത്തപ്പോൾ മാത്രമായിരുന്നു. രാത്രി വരെ കർമ്മ നിരതരായിരുന്ന രോഗികളുടെ ഡിസ്ചാർജ് എഴുതി തള്ളുകയായിരുന്നു ജീവനക്കാർ. കാര്യമെന്താണ് എന്ന് അന്വേഷിച്ചപ്പോഴാണ് മന്ത്രിയുടെ വരവിൻ്റെ മന്ത്രമറിഞ്ഞത്.
മുട്ട് പൊട്ടിയവരെപോലും കിലോമീറ്ററുകളോളം തള്ളിക്കൊണ്ടു പോകേണ്ട ഗതികേടുള്ള രോഗിയുടെ കൂട്ടിരിപ്പുകാർ രാവിലെ നോക്കിയപ്പോൾ കണ്ടത് ഒരിക്കലും തുറക്കാത്ത ആശുപത്രിയിലെ ലിഫ്ഫുകൾ തുറന്നിരിക്കുന്നു. അതിനും കാരണം മന്ത്രിയുടെ സന്ദർശനം തന്നെ. ഉദ്ഘാടനത്തിന് എത്തുന്ന മന്ത്രിയെങ്ങാനും മിന്നൽ സന്ദർശനം നടത്തിയെങ്കിലോ എന്നു കരുതിയാണ് ഈ തട്ടിക്കൂട്ട് ലൊട്ടുലൊടുക്ക് നമ്പരുകളെല്ലാം ആശുപത്രിയിലെ ജീവനക്കാർ തയ്യാറാക്കിയത്. ഏതായാലും ഒരു ദിവസം എങ്കിൽ ഒരു ദിവസം മന്ത്രിയെക്കൊണ്ട് ഇങ്ങനൊരു ഗുണമുണ്ടായല്ലോ എന്ന ആശ്വാസത്തിലാണ് രോഗികൾ.