കോട്ടയം : ലുലു മാളിന്റെ പേരിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്കിലെ ചൊല്ലി എംസി റോഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലടി പതിവാകുന്നു. സമയത്തെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ്സിനെ മറ്റൊരു ബസ് ഇടിച്ചു വീഴ്ത്തിയതാണ് ഏറ്റവും ഒടുവിൽ നടന്ന സംഭവം. ഡിസംബർ 27ന് വൈകിട്ട് 6.10 ന് കോട്ടയം കോടിമതയിൽ ഉണ്ടായ സംഭവത്തിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ ജാഗ്രത ന്യൂസ് ലൈവിന് ലഭിച്ചു.
ചങ്ങനാശ്ശേരിയിൽ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന തണ്ടപ്ര എന്ന സ്വകാര്യ ബസ്സിനെയാണ് , ഞാലിയാകുഴി റൂട്ടിൽ സർവീസ് നടത്തുന്ന വിജയലക്ഷ്മി എന്ന ബസ് ഇടിച്ചു വീഴ്ത്തിയത്. സംഭവത്തിൽ മൂന്ന് യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ലുലു മാൾ പ്രവർത്തനമാരംഭിച്ചതോടെ എംസി റോഡിൽ കോടിമത മുതൽ നാട്ടകം വരെ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. ഇതുമൂലം സ്വകാര്യ ബസ്സുകളുടെ പെർമിറ്റ് സമയത്തിൽ വലിയ നഷ്ടവും ഉണ്ടാകുന്നുണ്ട്. ഇത് ഒഴിവാക്കാനാണ് സ്വകാര്യ ബസ്സുകൾ തമ്മിലുള്ള മത്സരം ഓട്ടവും തർക്കവും പതിവാകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞദിവസം സമാന രീതിയിൽ പരുത്തും പാറയിൽ ടി സി എം എന്ന സ്വകാര്യ ബസ് കൊല്ലറാട്ട് എന്ന ബസ്സിൽ ഇടിപ്പിച്ചത് സംബന്ധിച്ച് ജാഗ്രത ന്യൂസ് ലൈവ് വാർത്ത പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഗുരുതരമായ മറ്റൊരു അപകടം കൂടി ഉണ്ടായിരിക്കുന്നത്. 27ന് വൈകിട്ട് ചങ്ങനാശ്ശേരിയിൽ നിന്നും കോട്ടയത്തേക്ക് വരികയായിരുന്നു തണ്ടപ്ര. ഈ സമയത്താണ് വിജയലക്ഷ്മി ബസ് ഞാലിയാകുഴിയിൽ നിന്നും കോട്ടയത്തേക്ക് എത്തിയത്. ലുലു മാളിന്റെ ഭാഗത്ത് കുരുക്ക് ഒഴിവാക്കുന്നതിനായി നാട്ടകം മറിയപ്പള്ളി ഭാഗത്തുകൂടി കടന്നു വരേണ്ട വിജയലക്ഷ്മി ബസ് ഈ റൂട്ട് ഒഴിവാക്കി മുളങ്കുഴയിൽ വന്നു കയറുകയായിരുന്നു. ഇത് ചൊല്ലിയാണ് മണിപ്പുഴയിൽ നിന്നും രണ്ടു ബസ്സുകളും തമ്മിൽ തർക്കം ഉണ്ടായത്.
ഇതിനുശേഷം കോടിമത നാലുവരിപ്പാത അവസാനിക്കുന്ന ഭാഗത്ത് വെച്ച്, വിജയലക്ഷ്മി ബസ് തണ്ടപ്രയിൽ പിടിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. അപകടത്തിൽ ബസിന്റെ ചില്ല് അടക്കം പൊട്ടി മൂന്ന് യാത്രക്കാർക്ക് പരിക്കേൽക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു. ഇവർ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയിട്ടുണ്ട്. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് രണ്ടു ബസ്സുകളും ചിങ്ങവനം പോലീസ് പിടിച്ചെടുത്തു. രണ്ടു ബസ് ഉടമകളോടും ജീവനക്കാരോടും സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.