പ്രണയത്തിൽ നിന്നും പിന്മാറാൻ പോക്‌സോ കേസിൽ കുടുക്കി; 21 കാരനെ വെറുതെ വിട്ട് കോടതി; കോടതി വിട്ടയച്ചത് മുണ്ടക്കയം സ്വദേശിയായ 21 കാരനെ

കോട്ടയം: പ്രണയത്തിൽ നിന്നും പിന്മാറാൻ കാമുകിയുടെ വീട്ടുകാർ പോക്‌സോ കേസിൽ കുടുക്കിയ മുണ്ടക്കയം സ്വദേശിയായ 21 കാരനെ വിട്ടയച്ച് കോടതി. മുണ്ടക്കയം പനക്കച്ചിറ പുതുപ്പറമ്പിൽ അനന്തുവിനെയാണ് (21) ഈരാറ്റുപേട്ട സ്‌പെഷ്യൽ കോടതി വിട്ടയച്ചത്. ഇയാൾക്കെതിരെ രണ്ട് പോക്‌സോ കേസുകളാണ് മുണ്ടക്കയം പൊലീസ് രജിസ്റ്റർ ചെയ്തിരുന്നത്. രണ്ടിനും ഇരയും പ്രതിയും ഒരാളായിരുന്നു. ഈ രണ്ടു കേസിലും പ്രതിയെ കോടതി വിട്ടയച്ചു. 2023 ലായിരുന്നു കേസിനാസ്പദമായ സംഭവം. ഈ സമയത്ത് പ്രതി അതിജീവിതയെ പിൻതുടർന്ന് പ്രണയാഭ്യർത്ഥന നടത്തുകയും, പല തവണ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. മുണ്ടക്കയം പൊലീസാണ് അതിജീവിതയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, അതിജീവിതയുമായി പ്രണയത്തിലായിരുന്ന പ്രതിയെ പിൻതിരിപ്പിക്കാൻ വേണ്ടി പൊലീസും പെൺകുട്ടിയുടെ ബന്ധുക്കളും കെട്ടിച്ചമച്ച വ്യാജ കേസാണ് എന്നായിരുന്നു പ്രതിഭാഗം വാദം. അതിജീവിതയും പ്രതിയും രണ്ട് സമുദായക്കാരായിരുന്നു. ഇതും കേസിന് കാരണമായതായി പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷൻ 10 സാക്ഷികളെയും 15 പ്രമാണങ്ങളും കോടതിയിൽ ഹാജരാക്കി. പ്രതിയ്ക്കു വേണ്ടി അഡ്വ. ഹാരീസ്, അഡ്വ.ആസിഫ്, അഡ്വ.ഷാമോൻ ഷാജി, അഡ്വ.വിവേക് മാത്യു വർക്കി, അഡ്വ.വരുൺ ശശി എന്നിവർ കോടതിയിൽ ഹാജരായി.

Advertisements

Hot Topics

Related Articles