കോട്ടയം: കാത്തിരിപ്പിനൊടുവിൽ കോട്ടയത്ത് ലുലു യാഥാർത്ഥ്യമാകുന്നു. കോട്ടയം മണിപ്പുഴയിൽ പ്രവർത്തനം ആരംഭിക്കുന്ന ലുലുമാൾ നാളെ ഔദ്യോഗികമായി തുറക്കും. നാളെ രാവിലെ 11.30 ന് മണിപ്പുഴയിലെ ലുലുമാളിൽ മന്ത്രി വി.എൻ വാസവൻ ഔദ്യോഗിക ഉദ്ഘാടനം നടത്തും. രാവിലെ 11.30 ന് നാടമുറിച്ചാണ് ഉദ്ഘാടനം നടക്കുക. ലുലു ഗ്രൂപ്പ് ഇന്റർനാണഷൽ എക്സിക്യുട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ സ്വാഗതം ആശംസിക്കും. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം.എ യൂസഫലി ആമുഖ പ്രസംഗം നടത്തും. ദേവസ്വം പോർട്ട് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുഖ്യാതിഥിയായി പങ്കെടുക്കും. മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, ജോസ് കെ.മാണി എം.പി, ഫ്രാൻസിസ് ജോർജ് എം.പി, ഹാരീസ് ബീരാൻ എം.പി, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, സിപിഐ ജില്ലാ സെക്രട്ടറി വി.ബി ബിനു, നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, നഗരസഭ അംഗം ഷീനാ ബിനു എന്നിവർ പങ്കെടുക്കും. ലുലു ഗ്രൂപ്പ് ഡയറക്ടറും സിഇഒയുമായ എം.എ നിഷാദ് നന്ദി പറയും. ഉദ്ഘാടനത്തിന് ശേഷം വൈകിട്ട് നാലു മണി മുതലാണ് ലുലുവിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഒരുക്കിയിരിക്കുന്നത്.