കോട്ടയം: ലുലുമാൾ തുറന്നതിനു പിന്നാലെ വലിയ ഗതാഗതക്കുരുക്കാണ് എംസി റോഡിൽ അനുഭവപ്പെടുന്നത്. ലുലുമാൾ കാണാൻ ആയിരങ്ങളാണ് ദിവസവും ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത്. ഇതുമൂലം എംസി റോഡിലൂടെ മറ്റ് യാത്രകൾ നടത്തേണ്ട ആളുകളാണ് വളരെയധികം ബുദ്ധിമുട്ടുന്നത്. സ്വകാര്യ ബസുകളെയും, കെ.എസ്.ആർ.ടി.സി ബസുകളെയും യാത്രയ്ക്കായി ആശ്രയിക്കുന്നവർക്ക് കുരുക്കിൽ കുടുങ്ങുകയല്ലാതെ മറ്റൊരു മാർഗവുമില്ലാത്ത സ്ഥിതിയാണ്. എന്നാൽ, ഇരുചക്ര വാഹനം ഉപയോഗിക്കുന്നവർക്കും സ്വന്തമായി വാഹനം ഉള്ളവർക്കും എംസി റോഡിലെ കുരുക്കിൽപ്പെടാതെ രക്ഷപെടാൻ നിരവധി വഴിയുണ്ട്. ആ വഴികൾ അറിയാം..!
ചിങ്ങവനത്തു നിന്നും കോട്ടയം ഭാഗത്തേയ്ക്കു വരുന്ന വാഹനങ്ങൾ :
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ടൗൺ ലക്ഷ്യമിട്ടാണ് വരുന്നതെങ്കിൽ ചിങ്ങവനത്ത് നിന്ന് പന്നിമറ്റം റോഡ് വഴി പാക്കിൽ ഭാഗത്ത് എത്തി പൂവൻതുരുത്ത് വഴി മൂലേടം മേൽപ്പാലം കയറി ഈരയിൽക്കടവ് റോഡ് വഴി മലയാള മനോരമയുടെ സമീപം എത്താം.
ഇനി ചിങ്ങവനത്ത് നിന്ന് കഞ്ഞിക്കുഴി ഭാഗത്തേയ്ക്കോ കളക്ടറേറ്റ് ഭാഗത്തേയ്ക്കോ പോകണമെങ്കിൽ പാക്കിൽ കവല നിന്ന് കടുവാക്കുളം എത്തി കൊല്ലാട് വഴി കഞ്ഞിക്കുഴിയിൽ എത്തി ഇഷ്ടമുള്ള സ്ഥലത്തേയ്ക്ക് യാത്ര പോകാം.
ഇനി ചിങ്ങവനത്ത് നിന്ന് ഏറ്റുമാനൂർ ഭാഗത്തേയ്ക്ക് പോകാനാണ് എങ്കിലും വഴിയുണ്ട്. ചിങ്ങവനം – പന്നിമറ്റം – പാക്കിൽ – കടുവാക്കുളം – കഞ്ഞിക്കുഴി വഴി ഇറഞ്ഞാൽ റോഡിൽ കയറി റബർ ബോർഡിനു മുന്നിലൂടെ എലിപ്പുലിക്കാട്ട് കടവിൽ എത്തി വട്ടമൂട് പാലം വഴി മംഗളം ഓഫിസിനു മുന്നിലെത്തി യാത്ര തുടരാം.
ഇനി കോട്ടയം ടൗണിലേയ്ക്കോ കോടിമത ഭാഗത്തേയ്ക്കോ എത്തുന്ന വാഹനങ്ങൾക്കും വരാൻ വഴിയുണ്ട്. ചിങ്ങവനം ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങൾ പന്നിമറ്റം – പാക്കിൽ – കടുവാക്കുളം – ദിവാൻകവല വഴി മൂലവട്ടം മേൽപ്പാലത്തിലൂടെ മണിപ്പുഴ ജംഗ്ഷനിലെത്തി കോടിമത ഭാഗത്തേയ്ക്ക് പോകാം. ലുലുമാളിലേയ്ക്കുള്ള വാഹനങ്ങൾ മണിപ്പുഴയിലും ബ്ലോക്ക് ഉണ്ടാക്കുന്നുണ്ടെങ്കിലും മേൽപ്പാലം റോഡിൽ വലിയ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല ഇതുവരെ.
നാട്ടകം മറിയപ്പള്ളി പള്ളം ഭാഗം കഴിഞ്ഞ് ബ്ലോക്കിൽ കുരുങ്ങുന്ന വാഹനങ്ങൾക്കും പോകാൻ വഴി പലതുണ്ട്. ചിങ്ങവനം കടന്ന ശേഷമാണ് ബ്ലോക്കിനെപ്പറ്റി വിവരം ലഭിക്കുന്നതെങ്കിൽ മാവിളങ്ങ് ജംഗ്ഷനു ശേഷം പാക്കിൽ റോഡിൽ കയറി പാക്കിൽ കവല – കടുവാക്കുളം – വഴി കോട്ടയത്തിനോ കഞ്ഞിക്കുഴിയ്ക്കോ യാത്ര തുടരാം. മറിയപ്പള്ളിയും നാട്ടകവും കഴിഞ്ഞ ശേഷമാണ് ബ്ലോക്കിൽ കുടുങ്ങുന്നതെങ്കിൽ മുളങ്കുഴയിൽ നിന്നും വലത്തേയ്ക്കു തിരിഞ്ഞ് യാത്ര തുടരാം.
കോട്ടയം ഭാഗത്ത് നിന്നും എത്തുന്ന വാഹനങ്ങൾക്ക് ഈരയിൽക്കടവ് ബൈപ്പാസ് റോഡ് മാത്രമാണ് ആശ്രയം. ഈ വഴിയിലൂടെ മേൽപ്പാലം കടന്ന് ചിങ്ങവനം ഭാഗത്തേയ്ക്ക് പോകാം.