ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ യുണൈറ്റഡിന്റെ കഷ്ടകാലം തുടരുന്നു. അർജന്റീനൻ ഇതിഹാസ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് ആസ്റ്റൺ വില്ലയുടെ വലയ്ക്കു മുന്നിൽ കൈവിരിച്ച് നിന്നപ്പോൾ യുണൈറ്റഡിന് ഈ ആഴ്ചയും സമനിലയുടെ നിരാശ. വീണ്ടും തുടർച്ചയായ സമനില ലഭിച്ചതോടെ യുണൈറ്റഡ് പോയിന്റ് പട്ടികയിൽ 14 ആം സ്ഥാനത്തേയ്ക്ക് ഇറങ്ങിയത് ആരാധകർക്ക് വീണ്ടും നിരാശയായി മാറി. സീസണിൽ ഇതുവരെ ഏഴുകളികൾ കളിച്ച യുണൈറ്റഡിന്റെ രണ്ടാമത്തെ സമനിലയാണ് ഇത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ യുണൈറ്റഡിന് ഇതുവരെ നേടാനായത് ഒരു വിജയം മാത്രം..! ഇന്നു നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയ്‌ക്കെതിരെ ഗോൾ രഹിത സമനിലയാണ് യുണൈറ്റഡിന് നേടാനായത്. 90 മിനിറ്റ് കളിച്ചിട്ടും രണ്ട് ടീമുകൾക്കും ഒരു ഗോൾ പോലും നേടാനായില്ല.
മറ്റൊരു മത്സരത്തിൽ ചെൽസിയും നോർത്താംഫോറസ്റ്റും ഓരോ ഗോൾ അടിച്ചു പിരിഞ്ഞു. 49 ആം മിനിറ്റിൽ ക്രിസ് വുഡ് നേടിയ ഗോളിന് നോർത്താംഫോറസ്റ്റാണ് മുന്നിലെത്തിയത്. എന്നാൽ, 57 ആം മിനിറ്റിൽ നോനി മഡുക്കെയിലൂടെ ചെൽസി ഒപ്പമെത്തി. ടോട്ടനത്തിനെ ഞെട്ടിച്ച ബ്രിംങ്ടൗണിന്റെ വിജയമാണ് ഈ ആഴ്ചയിലെ ഏറ്റവും ഷോക്കിംങായ മത്സരം. രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ടോട്ടനത്തിനെ ബ്രിങ്ടൗൺ ഞെട്ടിച്ചത്. 23 ആം മിനിറ്റിൽ ബ്രന്നാൺ ജോൺസണും, 37 ആം മിനിറ്റിൽ ജെയിംസ് മാഡിസണും നേടിയ ഗോളിനാണ് ടോട്ടനം മുന്നിൽ എത്തിയത്. 48 ആം മിനിറ്റിൽ യാൻകുബാ മിന്റച്ച് തിരിച്ചടിച്ചു തുടങ്ങി. 58 ആം മിനിറ്റിൽ ഗുർണാനിയോ റൂതർ സമനില പിടിച്ചു. 66 ആം മിനിറ്റിൽ ഡാനി വെൽബാക്കിന്റെ ഗോളിലൂടെ ബ്രിങ്ടൗൺ ടോട്ടനത്തിനെ ഞെട്ടിച്ചു.