തിരുവനന്തപുരം: രാജ്യത്തെ മദ്‌റസ സംവിധാനത്തില്‍ കൈകടത്താന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. മദ്‌റസകള്‍ക്കെതിരേയുള്ള വിദ്വേഷ പ്രചാരണങ്ങളും അടച്ചുപൂട്ടല്‍ നീക്കവും സംഘപരിവാര സര്‍ക്കാരിന്റെ വംശീയ താല്‍പ്പര്യങ്ങളുടെ തുടര്‍ച്ചയാണ്. പൗരന്മാരുടെ വിശ്വാസ സ്വാതന്ത്ര്യത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനും എതിരായ നീക്കം ഭരണഘടനാ വിരുദ്ധമാണ്. വഖഫ് നിയമ ഭേദഗതിയുള്‍പ്പെടെ വിവിധ ഭീകര നിയമങ്ങള്‍ ചുട്ടെടുത്ത് ആര്‍എസ്എസ് വിഭാവനം ചെയ്യുന്ന മതരാഷ്ട്രം കെട്ടിപ്പടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. കൂടാതെ കഴിഞ്ഞ ദിവസം പുറത്തു വന്ന ആഗോള പട്ടിണി സൂചികയില്‍ നേപ്പാളിനെയും ശ്രീലങ്കയെയും ഉള്‍പ്പെടെ പിന്നിലാക്കി 105 ാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്തെ പട്ടിണി ചര്‍ച്ചയാവാതിരിക്കാന്‍ വംശീയ വിദ്വേഷം ഇളക്കിവിടുകയെന്ന ഗൂഢ ലക്ഷ്യവും അനവസരത്തിലുള്ള ഈ പ്രചാരണത്തിനു പിന്നിലുണ്ട്. സമ്പന്നമായ വൈവിധ്യങ്ങളെ തച്ചുടച്ച് ഏകശിലാ ക്രമത്തിലുള്ള രാജ്യം സൃഷ്ടിക്കാമെന്ന വ്യാമോഹത്തെ രാജ്യത്തെ പൗരഭൂരിപക്ഷം ചെറുത്തുതോല്‍പ്പിക്കുമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ഓര്‍മിപ്പിച്ചു.