കോട്ടയം : കോടതി ജീവനക്കാർക്കും അഭിഭാഷകർക്കും പിന്നാലെ കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് എതിരെ പരാതിയുമായി വനിതാ മജിസ്ട്രേറ്റും. വ്യക്തിപരമായും ജോലി സംബന്ധമായും സി.ജെ.എം പീഡിപ്പിക്കുന്നതായി കാട്ടി കോട്ടയം കോട്ടയം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് ജഡ്ജി ടിയാര റോസ് മേരിയാണ് പരാതി നൽകിയത്. ഇതിന് പിന്നാലെ മെയ് 10 വരെ ഇവർ അവധിയിലും പ്രവേശിച്ചു. കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിവിജ സേതുമാധവന് എതിരെ ജുഡീഷ്യൽ ഓഫിസർമാരുടെ പരാതി പരിഹാര സെല്ലിലാണ് ടിയാര ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. 2023 ആഗസ്റ്റ് മുതൽ സിജെഎം മാനസികമായും ജോലി പരമായും പീഡിപ്പിക്കുന്നതായാണ് ടിയാരയുടെ പരാതി. പൊതുമധ്യത്തിൽ കുറ്റപ്പെടുത്തുന്നു , ഏകപക്ഷീയമായി അഡീഷണൽ ചാർജുകൾ നൽകുക , ഗർഭിണിയായിരിക്കെ മോശമായ രീതിയിൽ പെരുമാറുക തുടങ്ങിയ ആരോപണങ്ങളാണ് ടിയാര സി.കെ.എമ്മിനെതിരെ ഉയർത്തിയത്. ഇത് കൂടാതെ സിജെ എമ്മിൻ്റെ ഭാഗത്ത് നിന്നുണ്ടാകുന്ന മാനസിക സമ്മർദ്ദം ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തെ പോലും സാരമായി ബാധിക്കും എന്നും മജിസ്ട്രേറ്റ് നൽകിയ 15 പേജുള്ള പരാതിയിൽ പറയുന്നു. തൻ്റെ പരാതി പരിഗണിച്ച് ഉചിതമായ നടപടി സ്വീകരിക്കുന്നത് വരെ മാർച്ച് ഒന്നു മുതൽ മജിസ്ട്രേറ്റ് അവധിയിൽ പ്രവേശിച്ചു. ഇത്തരത്തിൽ ഉയർന്ന ഗുരുതരമായ ആരോപണങ്ങളിൽ സി.ജെ.എമ്മിൻ്റെ വിശദീകരണം ജില്ലയുടെ ചുമതലയുള്ള ജഡ്ജി തേടുമെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ തന്നെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനെതിരെ കോടതി ജീവനക്കാരും, ഒരു വിഭാഗം അഭിഭാഷകരും പരാതിയുമായി രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മജിസ്ട്രേറ്റ് തന്നെ സി.ജെ.എമ്മിനെതിരെ പരാതി ഉയർത്തിയിരിക്കുന്നത്.