വൈക്കം : മഹാദേവ ക്ഷേത്രത്തിൻ്റേതടക്കം 48 ഇല്ലങ്ങളുടെ മേൽക്കോയ്മയും വൈക്കം ക്ഷേത്രത്തിൻ്റെ ഊരാഴ്മയുമുണ്ടായിരുന്ന ഇണ്ടംതുരുത്തി മനയായിരുന്നു വൈക്കത്തെ സവർണ്ണമേധാവിത്വത്തിൻ്റേയും ജന്മി നാടുവാഴിത്തത്തിൻ്റേയും കേന്ദ്രസ്ഥാനം. വൈക്കം സത്യഗ്രഹ ക്യാമ്പ് സന്ദർശിച്ച ഗാന്ധിജി ഇണ്ടംതുരുത്തി മനയിലെ നമ്പ്യാതിരിയുമായി ചർച്ച നടത്തുന്നതിന് ആഗ്രഹം പ്രകടിപ്പിച്ചു. നാം ആരെയും അങ്ങോട്ട് പോയി കാണാറില്ലെന്നും നമ്മെ കാണേണ്ടവർക്ക് ഇങ്ങോട്ട് വരാമെന്നുമായിരുന്നു മനയിലെ കാരണവരുടെ മറുപടി. തുടർന്ന് മനയിലെത്തിയ ഗാന്ധിജിയെ വൈശ്യനായതിനാൽ മനയിൽ പ്രവേശിപ്പിക്കാതെ മനയ്ക്ക് പുറത്ത് താല്കാലിക പന്തലിട്ട് അവിടെയിരുത്തി നമ്പ്യാതിരി മനയ്ക്കകത്തുമിരുന്ന് സംസാരിച്ചു എന്നതാണ് ചരിത്രം.
മന ക്ഷയിച്ചപ്പോൾ എ.ഐ.ടി.യു.സി നേതൃത്വത്തിലുള്ള താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ അത് വിലയ്ക്ക് വാങ്ങി ആസ്ഥാനമന്ദിരമാക്കുകയായിരുന്നു. കാലപ്പഴക്കത്താൽ ജീർണ്ണതയിലായതിനെ തുടർന്ന് 2009ൽ യൂണിയൻ മന പുതുക്കിപ്പണിതു. രാജ്യത്തിൻ്റെ തന്നെ നവോത്ഥാന ചരിത്രത്തിൻ്റെ ഭാഗമായ മനയുടെ തനത് രൂപഭാവങ്ങൾ അതേപടി നിലനിർത്തിയായിരുന്നു പുനർനിർമ്മാണം. ഇപ്പോൾ നാടിൻ്റെ നാനാഭാഗത്ത് നിന്നും ചരിത്ര വിദ്യാർത്ഥികളും ഗവേഷകരും മന സന്ദർശിക്കാറുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാളെ മാർച്ച് 10 തിങ്കളാഴ്ച രാവിലെ 10.30ന് ഇണ്ടംതുരുത്തി മനയോടനുബന്ധിച്ചുള്ള സി.കെ.വിശ്വനാഥൻ സ്മാരക ഹാളിൽ ചേരുന്ന ശതാബ്ദി സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡൻ്റ് അഡ്വ.വി.ബി.ബിനു അദ്ധ്യക്ഷത വഹിക്കും. മന്ത്രി വി.എൻ.വാസവൻ, എ.ഐ.സി.സി വർക്കിംഗ് കമ്മറ്റിയംഗം രമേശ് ചെന്നിത്തല എം.എൽ.എ, മുൻ മന്ത്രി കെ.സി.ജോസഫ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. യൂണിയൻ ജനറൽ സെക്രട്ടറി ടി.എൻ.രമേശൻ സ്വാഗതം പറയും. ആലങ്കോട് ലീലാകൃഷ്ണൻ, സി.കെ.ആശഎം.എൽ.എ എന്നിവർ പ്രസംഗിക്കും.