നാല്‍പ്പതിന്റെ നിറവിലും തലയെടുപ്പോടെ മഹി ;  ഒപ്പമോടാന്‍ ശ്രമിച്ച് യുവ വിക്കറ്റ് കീപ്പര്‍മാര്‍ ;  ചെന്നൈയുടെ മാത്രം തല ഇന്ത്യന്‍ വിക്കറ്റ് കീപ്പിംഗിന്റെ കൂടി തലയാകുമ്പോള്‍

ന്യൂസ് ഡെസ്‌ക്ക് : പ്രായം നാല്‍പ്പത്തിമൂന്ന് ദേശീയ ടീമില്‍ നിന്ന് വിരമിച്ചിട്ട് നാല് വര്‍ഷങ്ങള്‍ പിന്നിടുന്നു. എന്നിട്ടും ക്രിക്കറ്റ് കളിയില്‍ അയാള്‍ ഇപ്പോളും ലൈവാണ്. തന്ത്രങ്ങള്‍ മെനഞ്ഞും വിക്കറ്റ് പിന്നില്‍ മിന്നല്‍ വേഗം തീര്‍ത്തും അയാള്‍ ഇപ്പോളും ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ്. അതേ എം എസ് ധോണി എന്നും ഇന്ത്യക്ക് അത്ഭുതങ്ങള്‍ മാത്രമാണ് സമ്മാനിച്ചിട്ടുള്ളത്. വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ അവസാന ഐപിഎല്‍ എന്ന് വിലയിരുത്തപ്പെടുന്ന ഈ മത്സരങ്ങളിലും അയാള്‍ തന്റെ മികവ് തുടരുകയാണ്. ഫുള്‍ ലെങ്ത് ഡൈവില്‍ വിജയ് ശങ്കറിന്റെ ക്യാച്ചെടുത്ത് അത്ഭുതപ്പെടുത്തിയ മഹി ചെന്നൈ പരാജയപ്പെട്ട അവസാന മത്സരത്തില്‍ ബാറ്റ് കൊണ്ടും മായാജാലം കാട്ടുകയായിരുന്നു. ലോകത്തെ തന്നെ മികച്ച പേസര്‍മാരില്‍ ഒരാളായ ആന്റിച്ച് നോര്‍ക്കെയെ കണക്കിന് ശിക്ഷിച്ച ധോണി ഫിനിഷര്‍ റോളില്‍ താന്‍ ഇന്നും യോഗ്യനെന്ന് പറയാതെ പറയുകയായിരുന്നു.

യുവ വിക്കറ്റ് കീപ്പര്‍മാര്‍ വിക്കറ്റിന് പിന്നില്‍ ചക്രശ്വാസം വലിക്കുമ്പോള്‍ അയാള്‍ അനായാസം പന്തിനെ കൈകാര്യം ചെയ്യുന്നു. ക്രീസ് വിട്ടിറങ്ങിയ ചിന്ത ബാറ്റര്‍ക്ക് തോന്നും മുന്‍പ് തന്നെ സ്റ്റമ്പ് ഇളക്കി അയാള്‍ പ്രായത്തെ പോലും വെല്ലുവിളിക്കുകയാണ്. പല യുവ വിക്കറ്റ് കീപ്പര്‍മാരും ഓടിത്തളരുമ്പോള്‍ അയാള്‍ ഈ പ്രായത്തിലും തന്റെ അതിശയിപ്പിക്കുന്ന ഫിറ്റ്‌നെസ്സ് കാട്ടി ക്രിക്കറ്റ് ലോകത്തെ അതിശയിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ചെന്നൈയുടെ തലയായി അഞ്ച് കപ്പുകള്‍ ടീമിന് സമ്മാനിച്ച മഹി. വിക്കറ്റ് കീപ്പിംഗില്‍ ഇന്ത്യയുടെ പകരം വെയ്ക്കാനില്ലാത്ത പോരാളിയായി മാറുകയാണ്. ചെന്നൈയുടെ മാത്രം തല ഇന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പിംഗിന്റെ തലയായി മാറുകയാണ്. ആരാലും പകരം വെയ്ക്കാനില്ലാത്ത നല്ല ഒത്ത പോരാളിയായി.

Hot Topics

Related Articles