മലയാള മനോരമയുടെ സഹോദര സ്ഥാപനമായ എം.ആർ.എഫ് ഇക്കുറി തൊഴിലാളികൾക്ക് നൽകിയിരുന്ന ഓണസദ്യ ഒഴിവാക്കി; ഓണസദ്യ റദ്ദാക്കാൻ കാരണമായി പറഞ്ഞത് കമ്പനിയുടെ നഷ്ടം; വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലാളികൾ മാനേജ്‌മെന്റിന്റെ ഓഫിസ് ഉപരോധിക്കുന്നു

കോട്ടയം: കമ്പനിയുടെ നഷ്ടത്തിന്റെ കണക്ക് ചൂണ്ടിക്കാട്ടി മലയാളികളുടെ ദേശീയോത്സവമായ ഓണസദ്യ ഒഴിവാക്കി മലയാള മനോരമയുടെ സഹോദര സ്ഥാപനമായ എം.ആർ.എഫ്. 55 വർഷമായി തൊഴിലാളികൾക്ക് നൽകിയിരുന്ന ഓണസദ്യയാണ് ഇത്തവണ മുതൽ കമ്പനി വേണ്ടെന്നു വയ്ക്കുന്നത്. ഇക്കുറി തൊഴിലാളികൾക്ക് ഓണസദ്യ നൽകിയതുമില്ല. ഇത് അടക്കമുള്ള വിവിധ വിഷയങ്ങൾ ഉയർത്തി തൊഴിലാളികളുടെ നേതൃത്വത്തിൽ ഇന്നു രാവിലെ മുതൽ കമ്പനിയുടെ ഓഫിസിനു മുന്നിൽ കുത്തിയിരുപ്പ് സത്യാഗ്രഹം നടത്തുകയാണ്. ഐഎൻടിയുസി സിഐടിയു, ബിഎംഎസ് എന്നീ മൂന്ന് തൊഴിലാളി സംഘടകളും പ്രതിഷേധത്തിന് നേതൃത്വം നൽകുന്നുണ്ട്. സിഐടിയു യൂണിയൻ സെക്രട്ടറി പീറ്റർ, ഐഎൻടിയുസി യൂണിയൻ സെക്രട്ടറി മാത്യു വർഗീസ്, ബിഎംഎസ് യൂണിയൻ സെക്രട്ടറി റിജു എന്നിവരുടെ നേതൃത്വത്തിലാണ് കുത്തിയിരുപ്പ് സമരം നടത്തുന്നത്.

Advertisements

എല്ലാ വർഷവും ഓണക്കാലത്ത് ഏതെങ്കിലും ദിവസം എംആർഎഫ് കമ്പനിയിൽ ജീവനക്കാർക്ക് ഓണസദ്യ നൽകിയിരുന്നു. എന്നാൽ, ഇക്കുറി കമ്പനി നഷ്ടത്തിലാണ് എന്ന കാരണം ചൂണ്ടിക്കാട്ടി സദ്യ നിഷേധിക്കുകയായിരുന്നു. ഇത് കൂടാതെയാണ് തൊഴിലാളികളുടെ മക്കളെ ജോലിയ്ക്ക് എടുക്കുന്നതു സംബന്ധിച്ചുള്ള വിവാദം ഉണ്ടായിരിക്കുന്നത്. നേരത്തെ തൊഴിലാളികളുടെ മക്കളെ എംആർഎഫിൽ ജോലിയ്ക്ക് എടുത്തിരുന്നു. എന്നാൽ, ഇപ്പോൾ തൊഴിലാളികളുടെ മക്കളെ ജോലിയ്ക്ക് എടുത്ത് 520 രൂപ ദിവസക്കൂലിയിലാണ് നിയമിക്കുന്നത്. ഇതിന് ശേഷം മൂന്നു വർഷം സർവീസ് പൂർത്തിയാകുമ്പോൾ ഇവരെ സർവീസിൽ നിന്നും പറഞ്ഞ് അയക്കുകയും ചെയ്യും. ഇതോടെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത് അടക്കമുള്ള തൊഴിലാളി ദ്രോഹ നിലപാടുകൾ കമ്പനി മാനേജ്‌മെന്റ് സ്വീകരിക്കുന്നതിനിടെയാണ് ഇന്ന് പുതിയ വിവാദം ഉയർന്നത്. നേരത്തെ ഷിഫ്റ്റ് ചേഞ്ച് സമയത്ത് തൊഴിലാളികൾക്ക് വിശ്രമിക്കുന്നതിനു കമ്പനിയിൽ മുറി അനുവദിച്ചിരുന്നു. എന്നാൽ, ഇന്ന് തൊഴിലാളികൾ ഷിഫ്റ്റ് ചേഞ്ചിനു ശേഷം വിശ്രമിക്കാൻ എത്തിയപ്പോൾ ഈ മുറി പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. തുടർന്ന്, ഇവർ മാനേജ്‌മെന്റിനെ ബന്ധപ്പെട്ടപ്പോൾ കേന്ദ്ര സർക്കാരിന്റെ നിർദേശത്തെ തുടർന്ന് മുറി പൂട്ടിയതാണ് എന്ന വിചിത്രമായ വാദമാണ് ഉയർത്തിയത്.

ഇത് കൂടാതെ ഈ മുറിയിലെ ബഞ്ചുകൾ മുഴുവനും എടുത്ത് മാറ്റുകയും ചെയ്തു. ഷിഫ്റ്റ് ചേഞ്ചിനു ശേഷം തൊഴിലാളികൾ വിശ്രമിച്ചിരുന്ന മുറിയാണ് യാതൊരു മാനദണ്ഡവുമില്ലാതെ അടച്ചു പൂട്ടിയത്. ഇതിന് എതിരെ കടുത്ത പ്രതിഷേധമാണ് തൊഴിലാളികൾ ഉയർത്തിയത്. ഇന്നു രാവിലെ 10 മണിയോടെ തൊഴിലാളികളുടെ നേതൃത്വത്തിൽ ജനറൽ മാനേജർ, പഴ്‌സണൽ മാനേജർ, പ്രോഡക്ഷൻ മാനേജർ എന്നിവരുടെ മുറിയ്ക്കു മുന്നിൽ കുത്തിയിരുന്ന് സത്യാഗ്രഹം നടത്തുകയാണ്. പ്രതിഷേധം ശക്തമായതോടെ കമ്പനി അധികൃതർ അറിയിച്ചത് അനുസരിച്ച് മണർകാട് പൊലീസ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Hot Topics

Related Articles