കോട്ടയം : കോട്ടയം നഗര മധ്യത്തിൽ കെ കെ റോഡിൽ മലയാള മനോരമ ഓഫിസിനു സമീപം സ്വകാര്യ ബസിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ വടവാതൂർ സ്വദേശി. വടവാതൂർ സ്വദേശിയും കഞ്ഞിക്കുഴി ഓക്സിജൻ ഡിജിറ്റൽ ഷോപ്പ് സെക്യൂരിറ്റി ജീവനക്കാരനുമായ ജോയി (54)യ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കേണ്ടി വരുമെന്നാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ലഭിക്കുന്ന വിവരം. ഇദ്ദേഹത്തിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ ഏഴരയോടുകൂടിയായിരുന്നു അപകടം. കോട്ടയം ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന പുള്ളത്തിൽ എന്ന സ്വകാര്യബസ്സാണ് അപകടത്തിൽപ്പെട്ടത്. ഈരയിൽ കടവ് ഭാഗത്ത് നിന്നും പ്രധാന റോഡിലേക്ക് ഇറങ്ങിവന്ന ബൈക്കിനെ ലോഗോസ് ജംഗ്ഷൻ ഭാഗത്തുനിന്നും അമിതവേഗത്തിൽ എത്തിയ ബസ് ഇടിക്കുകയായിരുന്നു. അടിയിൽ കുടുങ്ങിയ ബൈക്കുമായി മീറ്ററുകളോളം ദൂരം ബസ് നിരങ്ങി നീങ്ങി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ യാത്രക്കാരനെ പുറത്തെടുത്തത്. അപകടത്തെ തുടർന്ന് കെ കെ റോഡിൽ ഗതാഗതക്കുരുക്കും ഉണ്ടായി.